വയനാട്ടിൽ അയ്യായിരം കർഷകർ ജപ്തി ഭീഷണിയിൽ

Monday 16 May 2022 12:24 AM IST
farmer

സുൽത്താൻ ബത്തേരി: വയനാട്ടിൽ അയ്യായിരത്തോളം കർഷകർ ജപ്തി ഭീഷണിയിൽ. വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്ത കർഷകരാണ് ജപ്തിഭീഷണിയിൽ കഴിയുന്നത്. ദേശസാത്കൃതബാങ്കുകളും സർക്കാരിന്റെ അധീനതയിലുള്ള ബാങ്കും ,സഹകരണബാങ്കുകളുമാണ് വായ്പാകുടിശിഖ തീർത്തടക്കാത്ത കർഷകർക്ക് ഇതിനകം ജപ്തി നടപടിക്കായി നോട്ടീസ് പതിച്ചുകഴിഞ്ഞത്. ഇവയ്ക്ക് പുറമെ രണ്ടായിരത്തിലധികം കർഷകർക്ക് സർഫാസി ആക്ട് നടപ്പാക്കാനുള്ള ഒരുക്കങ്ങളും ദ്രുതഗതിയിൽ ആരംഭിച്ചുകഴിഞ്ഞു.
പ്രളയവും ,കൊവിഡും കാലാവസ്ഥാ വ്യതിയാനവും ,കൃഷിനാശവും ,വിലയില്ലായ്മയുമെല്ലാം വയനാടൻ കർഷകരെ ദുരിതത്തിലാക്കി. സാമ്പത്തികമായി തകർന്ന ജനതയെ സഹായിക്കുന്നതിനുവേണ്ടി നിലവിൽ വന്ന കടാശ്വാസ കമ്മിഷനും വേണ്ടരീതിയിൽ കർഷകരുടെ പ്രശ്നങ്ങൾ കേട്ടില്ല. അതിനിടെ സർക്കാർ പ്രഖ്യാപിച്ച മൊറട്ടോറിയം കാലാവധി അവസാനിച്ചു. ഇതോടെയാണ് ബാങ്കുകൾ കർഷകർ ഈടായി വെച്ച വസ്തു വകകൾ കൈക്കലാക്കാനുള്ള നടപടികൾ തുടങ്ങിയത്. ഇതിന്റെ ആദ്യ ഇരയായിരുന്നു കഴിഞ്ഞ ദിവസം ബാങ്കുകാരുടെ നടപടിയിൽ മനംനൊന്ത് ആത്മഹത്യചെയ്ത അഭിഭാഷകനായ എൻ.വിടോമി.
കർഷകരുടെ വസ്തു വകകൾ കൈക്കലാക്കുന്നതിനായി ഡയറക്ട് അറ്റാച്ച്‌മെന്റായി ധനകാര്യസ്ഥാപനങ്ങൾ ആർബിറ്റേറ്ററെ ഏൽപ്പിച്ചും ,ആർബിറ്റേറ്റർ കർഷകന്റെ സ്വത്ത് ബാങ്കുകളുടെ കടത്തിന് പകരം പിടിച്ച് നൽകാൻ കോടതികളെ എൽപ്പിച്ചുമാണ് നടപടികൾ നടത്തുന്നത്. ഡെപ്റ്റ് റിക്കവറി ട്രിബ്യൂണലിനെ സമീപിച്ച് കർഷകരുടെ സ്വത്ത് പിടിച്ചെടുക്കാനുള്ള നടപടിയും സ്വീകരിച്ചുവരുന്നു. കർഷകർപോലുമറിയാതെ കുടിശ്ശികക്കാരന്റെ ഭൂമി ഓൺലൈനായി ലേലം ചെയ്തും ബാങ്കുകൾ തങ്ങളുടെ മുതൽ ഈടാക്കുന്നു.
സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റിക്ക് കർഷക ജപ്തി സംബന്ധിച്ച തീരുമാനമെടുക്കാൻ അധികാരമുണ്ട്. ഇതിന്റെ സംസ്ഥാന ചെയർമാൻ മുഖ്യമന്ത്രിയാണ്. ഇതുമായി ബന്ധപ്പെട്ട് ഒരു അടിയന്തിര യോഗം പോലും വിളിച്ചുചേർത്തിട്ടില്ല. അഞ്ച് സെന്റിന് താഴെയുള്ളവരെ സർഫാസിയിൽ നിന്ന് ഒഴിവാക്കണമെന്ന് സംസ്ഥാന സർക്കാർ പ്രമേയം പാസാക്കിയങ്കിലും ഇതിൽ കേന്ദ്ര സർക്കാർ ഒരു മറുപടിയും നൽകാത്തത് കർഷകരെ ബുദ്ധിമുട്ടിലാക്കി. മൊറട്ടോറിയം കാലാവധി അവസാനിച്ചതോടെ കർഷകർ ജപ്തി ഭീഷണിയിലായി.
പ്രവാസികളടക്കമുള്ള നിരവധി പേരാണ് ജപ്തി ഭീഷണി നേരിടുന്നത്. കൊവിഡിന്റെ സമയത്ത് വിദേശരാജ്യങ്ങൾ വിട്ട് പോരേണ്ടി വന്ന നിരവധി പേരാണ് ചെറുകിട സംരഭങ്ങൾ തുടങ്ങുന്നതിന് ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുത്തത്. ക്ഷീരമേഖലയിലാണ് കൂടുതൽ പേരും മുതലിറക്കിയത്. കൊവിഡിനെതുടർന്നുണ്ടായ ലോക്ഡൗണുകൾ ആ മേഖലയേയും കാര്യമായി ബാധിച്ചിരിക്കുകയാണിപ്പോൾ.

Advertisement
Advertisement