കപ്പയ്ക്ക് നല്ലകാലം, വില 120 കടന്നു

Monday 16 May 2022 12:41 AM IST

പത്തനംതിട്ട : കപ്പ മൂടോടെ പിഴുതുകൊണ്ടുപോകാൻ കച്ചവടക്കാരുടെ നെട്ടോട്ടം. വിപണിയിൽ കപ്പയ്ക്ക് കടുത്തക്ഷാമം നേരിടുകയാണ്. കൃഷിക്കാരുടെ പക്കൽ നിന്ന് നല്ല കപ്പ ഒരു മൂടിന് 120രൂപ നിരക്കിലാണ് കച്ചവടക്കാർ വാങ്ങിക്കൊണ്ടുപോകുന്നത്. ഒരു കിലോയ്ക്ക് 40 രൂപ നിരക്കിലാണ് വിപണിയിലെ വിൽപ്പന. ഇത്തവണ ജില്ലയിൽ കപ്പ കൃഷി പൊതുവെ കുറവാണെന്നാണ് കൃഷി വകുപ്പിന്റെ വിലയിരുത്തൽ. കഴിഞ്ഞ തവണ കൃഷി ചെയ്തതിലേറെയും കനത്ത മഴയിൽ വെള്ളം കയറി നശിച്ചു. കൂടാതെ കഴിഞ്ഞ തവണ വിളവെത്താറായ കപ്പകൾ കാട്ടുപന്നികൾ കുത്തിമറിച്ചതിനാൽ ഇപ്രാവശ്യം കൃഷിയിൽ നിന്ന് കർഷകർ പിന്തിരിഞ്ഞു. മലയോര മേഖലയിലെ കർഷകർ കിഴങ്ങുവർഗങ്ങളുടെ കൃഷിയിൽ നിന്ന് പതിയെ പിൻവാങ്ങുന്നത് കപ്പയ്ക്ക് ക്ഷാമം ഉണ്ടാക്കിയിട്ടുണ്ട്. കാട്ടുമൃഗങ്ങൾ കൃഷി നശിപ്പിച്ചാൽ ചെലവ് കാശ് പോലും നഷ്ടപരിഹാരമായി ലഭിക്കാറില്ല. പന്നി ശല്യം പൊതുവെ കുറവായ ജില്ലയുടെ പടിഞ്ഞാറ്, തെക്കൻ ഗ്രാമങ്ങളിലാണ് ഇത്തവണ കപ്പ കൃഷി ഏറെയുള്ളത്.

ഇന്നലെ കടമ്പനാട് പഞ്ചായത്തിൽ ഒരു മൂട് കപ്പയ്ക്ക് 120രൂപയാണ് കർഷകർക്ക് ലഭിച്ചത്. ഇത്രയും ഉയർന്ന തുക പ്രദേശത്ത് ആദ്യമായാണ് ലഭിക്കുന്നത്. കടമ്പനാട് കപ്പയ്ക്ക് തെക്കൻ ജില്ലകളിൽ പ്രിയമേറെയാണ്. കൊല്ലം ജില്ലയിലേക്കാണ് കൂടുതലും കൊണ്ടുപോകുന്നത്. ഹോർട്ടി കോർപ്പ് കപ്പ സംഭരിക്കുന്നതിന് മുൻപ് തന്നെ കൃഷിക്കാരിൽ നിന്ന് കപ്പ വാങ്ങാനാണ് കച്ചവടക്കാരുടെ ശ്രമം.

മഴ ഭീഷണി

കാലവർഷം നേരത്തേയെത്തിയത് കപ്പ കർഷകർക്ക് ഭീഷണിയായി. വിളവെത്താറായ കപ്പയിൽ വെള്ളം കയറിയാൽ വില കുറയും. താഴ്ന്ന പ്രദേശങ്ങളിലും വയലുകളിൽ പണ കോരിയും കപ്പ കൃഷി നടത്തിയവരാണ് പ്രതിസന്ധിയുടെ വക്കിലായത്. വെള്ളം കയറുമെന്ന ആശങ്കയിൽ വിളഞ്ഞ് പിഴുതെടുക്കാൻ പാകമാകുന്നതിന് മുൻപ് തന്നെ വിറ്റു തീർക്കാനാണ് ശ്രമം. കപ്പയ്ക്ക് പൊതുവെ ക്ഷാമമുള്ളതിനാൽ ഇപ്പോൾ നല്ല സീസൺ ആണെന്ന് കർഷകർ പറയുന്നു.

'' ഇത്തവണ കപ്പ നല്ല വിളവിൽ ലഭിച്ചു. പൊതുവെ ക്ഷാമം നേരിടുന്നതിനാൽ കപ്പയ്ക്ക് മുൻകൂട്ടി വില പറഞ്ഞുറപ്പിക്കുന്നവരുമുണ്ട്.

ശശികുമാർ, കർഷകൻ.

Advertisement
Advertisement