എങ്ങുമെത്താതെ കൊവിഡ് പ്രതിമാസ ധനസഹായം, പണം എങ്ങനെ വിതരണം ചെയ്യുമെന്നതിലും വ്യക്തതയില്ല

Monday 16 May 2022 12:00 AM IST

തിരുവനന്തപുരം : കൊവിഡ് ബാധിച്ച് കുടുംബാംഗം മരിച്ചതോടെ വരുമാനം നിലച്ച ബി.പി.എൽ കുടുംബങ്ങൾക്കുള്ള പ്രതിമാസ ധനസഹായം ചുവപ്പുനാടയിൽ കുരുങ്ങി. മൂന്നുവർഷത്തേക്ക് പ്രതിമാസം 5000 രൂപ വീതമാണ് നൽകേണ്ടത്. സുപ്രീംകോടതി നിർദ്ദേശത്തെ തുടർന്ന് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവർക്കുള്ള 50,000രൂപ ഒറ്റത്തവണ ധനസഹായം വേഗത്തിൽ പൂർത്തിയായിരുന്നു.

19000ത്തിലധികം പേർ ഇതുവരെ പ്രതിമാസ ധനസഹായത്തിനായി അപേക്ഷിച്ചെങ്കിലും ആർക്കും പണം അനുവദിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ച തുക എങ്ങനെ വിതരണം ചെയ്യണമെന്നതിലും കളക്ടർമാരെ ചുമതലപ്പെടുത്തണോ ലാൻഡ് റവന്യു കമ്മിഷണറേറ്റിൽ നിന്ന് നേരിട്ട് വിതരണം ചെയ്യണമോയെന്നത് സംബന്ധിച്ച് ധനകാര്യവകുപ്പിനും വ്യക്തത ഇല്ലാത്തത് പാവപ്പെട്ടവന് ദുരിതമായിരിക്കുകയാണ്.

ധനകാര്യവകുപ്പിന്റെ ഉത്തരവിറങ്ങുന്നതനുസരിച്ച് തുക അനുവദിക്കുന്നതിന് സോഫ്റ്റ്‌വെയറും സജ്ജമാക്കണം. ധനസഹായത്തിനായി കളക്ടറേറ്റുകളിലേക്ക് വിളിക്കുന്നവരോട് ഉടൻ ശരിയാകുമെന്ന മറുപടി പറഞ്ഞ് മടുത്തിരിക്കുകയാണ് ഉദ്യോഗസ്ഥർ.

കഴിഞ്ഞവർഷം നവംബർ ഒന്നു മുതലാണ് സംസ്ഥാനത്ത് ഒറ്റത്തവണ ധനസഹായത്തിനും പ്രതിമാസ ധനസഹായത്തിനും ഓൺലൈൻ അപേക്ഷ സ്വീകരിച്ച് തുടങ്ങിയത്. എന്നാൽ തുടക്കം മുതൽ നടപടികൾ ഇഴഞ്ഞതോടെ ജനുവരിയിൽ സുപ്രീംകോടതി ഒറ്റത്തവണ ധനസഹായ വിതണത്തിൽ കടുത്ത നിലപാടെടുത്തു. കോടതി വീണ്ടും ഇടപെട്ടാലേ ഇക്കാര്യത്തിലും പരിഹാരമുണ്ടാകൂവെന്ന സ്ഥിതിയാണ്.

ഇതുവരെ ഇങ്ങനെ

 ആകെ അപേക്ഷകൾ - 19489

 അംഗീകരിച്ചത് - 5204

 നിരസിച്ചത് - 3812

ധനകാര്യവകുപ്പുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. നടപടികൾ പൂർത്തിയാക്കി ഉടൻ തുക വിതരണം ചെയ്യും -

കെ.ബിജു

കമ്മിഷണർ,ലാൻഡ് റവന്യൂ