മഴയിൽ മുങ്ങി എറണാകുളം

Monday 16 May 2022 12:00 AM IST

കൊച്ചി: ശനിയാഴ്ച രാത്രി തുടർച്ചയായി പെയ്ത കനത്ത മഴയിൽ എറണാകുളം ജില്ലയുടെ വിവിധ പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. കൊച്ചി നഗരത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, മുല്ലശേരി കനാൽ, കാരിക്കാമുറി, ജഡ്ജസ് അവന്യു, ഉദയാ കോളനി, അംബേദ്കർ കോളനി, ജേർണലിസ്റ്റ് കോളനി എന്നിവിടങ്ങളിൽ വെള്ളം കയറി. ഫയർ ഫോഴ്സ് വെള്ളം പമ്പ് ചെയ്ത് ഒഴുക്കി വിട്ടു. എറണാകുളം നോർത്തിലെ കലാഭവൻ ഓഫീസിൽ വെള്ളം കയറി വാദ്യോപകരണങ്ങൾ നശിച്ചു.

പറവൂരിലും ഏലൂരിലും പുലർച്ചെ ഒന്നര മീറ്റർ വരെ ഉയരത്തിൽ വെള്ളം ഉയർന്നു. ഏലൂർ ഫെറി, മഞ്ഞുമ്മൽ ഭാഗങ്ങളിലെ വീടുകളിൽ വെള്ളം കയറി. മഞ്ഞുമ്മലിൽ റേഷൻ കടയിൽ വെള്ളം കയറി സാധനങ്ങൾ നശിച്ചു. എളങ്കുന്നപ്പുഴയിൽ മരം റോഡിലേക്ക് മറിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു.

പാടത്തിക്കര പിണർമുണ്ട - ഇൻഫോപാർക്ക് റോഡിൽ മുസ്ലിം പള്ളിക്ക് സമീപത്ത് റോഡ് ഇടിഞ്ഞു. കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തിലും തൃക്കാക്കര ഹിൽവാലി സ്‌കൂളിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. രണ്ടിടത്തുമായി ഒമ്പത് കുടുംബങ്ങളുണ്ട്.