അഞ്ചുതെങ്ങിൽ   വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, നീന്തി രക്ഷപ്പെട്ടത് രണ്ടുപേർ

Monday 16 May 2022 11:21 AM IST

തിരുവനന്തപുരം: അഞ്ചുതെങ്ങിൽ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശിയായ ബാബു (54) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർ നീന്തി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ ആറുമണിയോടെയായിരുന്നു സംഭവം. ശക്തമായ കാറ്റും മഴയുമാണ് വള്ളം മറിയാൻ കാരണമെന്നാണ് പൊലീസ് പറയുന്നത്. പരക്കെ മഴയ്ക്കൊപ്പം കാറ്റിനും സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദേശം നൽകിയിരുന്നു.

അതേസമയം, അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായിരിക്കുകയാണ്. തെക്കന്‍ കര്‍ണാടകയ്ക്ക് മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ കേരളത്തിലും കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോർട്ട്.അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്.