സിനിമയുടെ തുടക്കം മുതൽ നമ്മളോടൊപ്പം ഉണ്ടുറങ്ങി കഴിഞ്ഞവർ സിനിമ കഴിയുമ്പോഴേക്കും ശത്രുക്കളായി മാറിയിരിക്കും; മലയാള സിനിമയിൽ പന്തിയിൽ പോരുണ്ട്; വീഡിയോ

Monday 16 May 2022 3:53 PM IST

എഴുത്തുകാരനായും സംവിധായകനായും അഭിനേതാവായും വർഷങ്ങളായി മലയാള സിനിമയുടെ ഭാഗമായി നിൽക്കുന്നയാളാണ് ശങ്കർ രാമകൃഷ്‌ണൻ. പക്ഷേ,​ സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയിൽ അദ്ദേഹം അംഗമായത് നാലഞ്ച് മാസങ്ങൾക്ക് മുമ്പാണ്. എന്തുകൊണ്ട് ഇത്രയും വലിയൊരു സംഘടനയുടെ ഭാഗമാകാൻ വൈകിയെന്നതിനെ കുറിച്ച് അദ്ദേഹം സംസാരിക്കുന്നു.

'അമ്മയിൽ മെമ്പർ ആയത് നാലഞ്ച് മാസത്തിന് മുമ്പാണ്. ഒരു സിനിമയിൽ ഇടവേള ബാബു ചേട്ടനൊപ്പം ഒന്നിച്ച് അഭിനയിക്കുന്നതിനിടിയിലാണ് അദ്ദേഹം സംഘടനയിൽ മെമ്പർഷിപ്പ് എടുക്കാൻ പറയുന്നത്. അംഗമാകുന്നതുകൊണ്ട് ജനറൽ ബോഡിക്ക് വരിക എന്നതൊന്നുമല്ല, ഇതൊരു കൂട്ടായ്മയാണ്. അതിന്റെ ഭാഗമാകണം എന്നാണ് അന്നദ്ദേഹം പറഞ്ഞത്.

അതുവരെ ഞാൻ ഒരു സംഘടനയിലും മെമ്പർ ആയിരുന്നില്ല. അതിനുള്ള കാരണം മറ്റൊന്നുമല്ല മെമ്പർഷിപ്പിനുള്ള തുക കണ്ടെത്തണം. അതിനുള്ള വരിസംഖ്യ അടയ്‌ക്കാൻ കഴിയണം. അതിന്റെ ഒരു പ്രയാസം ഉണ്ട്. ദാരിദ്ര്യം പറയുന്നതല്ല. പുറത്തു നിന്നുകാണുന്നവർക്ക് അവിശ്വസീനയം ആയിരിക്കും. പക്ഷേ കുറച്ച് ബുദ്ധിമുട്ടുണ്ട്. കുടുംബം മാത്രമല്ല നോക്കുന്നത്. കൂടെ വർക്ക് ചെയ്യുന്നവരെ സപ്പോർട്ട് ചെയ്യുന്ന ആളു കൂടിയാണ്. അതും സാമ്പത്തികമായി തന്നെ. നമ്മുടെ കൂടെ നിൽക്കുന്ന ആരെയും സഹായിക്കും.

തിരക്കഥയെഴുതിയാൽ ഇപ്പോഴും പത്ത് നടന്മാരോട് കാല് പിടിക്കേണ്ട അവസ്ഥ തന്നെയാണ്. മിനിമം അഞ്ചു നിർമ്മാതാക്കളെയെങ്കിലും വീട്ടിൽ പോയി കാണണം. മുഖ്യ നടൻ തൊട്ട് ജൂനിയർ ആർട്ടിസ്റ്റിന്റെ വരെ പുറകേ നടന്ന് സെറ്റാക്കണം. ഇത്രയൊക്കെ ചെയ്താലും ചിലപ്പോൾ പ്രോജക്ട് നടക്കാതെ പോകും. ചില വലിയ സിനിമകളൊക്കെ നമ്മൾ വിചാരിക്കുന്നതിന് മുമ്പ് അതിനേക്കാൾ സ്വാധീനമുള്ള,​ പണമുള്ള ആൾക്കാർ ചെയ്യും.

സിനിമയുടെ തുടക്കം മുതൽ നമ്മളോടൊപ്പം ഉണ്ടുറങ്ങി കഴിയുന്നവർ സിനിമ കഴിയുമ്പോഴേക്കും നമ്മുടെ ശത്രുക്കളായി മാറിയിരിക്കും. അതാണ് സിനിമ. മലയാള സിനിമയിൽ പന്തിയിൽ പോര് എന്നൊന്നുണ്ട്. സംവിധായകനെ പുറകിൽ നിന്ന് കുറ്റംപറയാൻ ഇഷ്ടമുള്ളവരാണ്. '