മാവൂരിൽ നിർമാണത്തിലിരുന്ന പാലം തകർന്നു വീണു, 2019ൽ തുടങ്ങിയ പണിക്ക് ചെലവ് 25 കോടി, അന്വേഷണത്തിന് നിർ‌ദ്ദേശം നൽകി മന്ത്രി

Monday 16 May 2022 6:39 PM IST

കോഴിക്കോട്: കോഴിക്കോട് മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാർ പുഴയ്ക്ക് കുറുകെ നിർമിക്കുന്ന കുളിമാട് പാലം നി‌ർമാണത്തിനിടെ തകർന്നു വീണു. രാവിലെ ഒൻപതു മണിയോടെയാണ് പാലത്തിന്റെ കോൺക്രീറ്റ് ബീമുകൾ തകർന്നു വീണത്. സംഭവത്തെകുറിച്ച് അന്വേഷിക്കാൻ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നി‌ർദ്ദേശം നൽകി. പൊതുമരാമത്തിന്റെ വിജിലൻസ് വിഭാഗമായിരിക്കും സംഭവം അന്വേഷിക്കുക.

ബീം ഉറപ്പിക്കാൻ ഉപയോഗിച്ചിരുന്ന യന്ത്രം പണിക്കിടെ തകരാറിലായതാണ് അപകടത്തിന് കാരണമെന്ന് കരാറുകാരായ ഊരാളുങ്കൽ ലേബർ സൊസൈറ്റി പറഞ്ഞു. കോൺക്രീറ്റ് ബീം പാലത്തിൽ ഘടിപ്പിക്കുന്നതിനിടെ ഇളകിവീഴുകയായിരുന്നു. ഇളകിവീണ മൂന്ന് കോൺക്രീറ്റ് ബീമുകളിൽ ഒരെണ്ണം പൂർണമായും പുഴയിലേക്ക് പതിച്ചു. മറ്ര് രണ്ടെണ്ണം പാലത്തിൽ തന്നെ തൂങ്ങിനിന്നു. അപകടത്തിൽ ഒരു തൊഴിലാളിക്ക് പരിക്കേറ്റിട്ടുണ്ട്.

2019ലാണ് ചാലിയാറിനു കുറുകെ 25 കോടി രൂപ ചെലവിൽ നിർമിക്കുന്ന ഈ പാലത്തിന്റ പണി തുടങ്ങിയത്. ആ വർഷത്തെ പ്രളയത്തിൽ നിർമാണ സാമഗ്രികൾ ഒലിച്ചുപോയതിനെ തുടർന്ന് ഏറെനാളുകൾ പണി തടസപ്പെട്ടിരുന്നു.