എം.സി.എൽ.ആർ പലിശ വർദ്ധിപ്പിച്ച് എസ്.ബി.ഐ

Tuesday 17 May 2022 3:38 AM IST

ന്യൂഡൽഹി: വായ്‌പകളുടെ മുൻ മാനദണ്ഡമായ മാർജിനൽ കോസ്‌റ്റ് ഒഫ് ഫണ്ട്‌സ് ബേസ്ഡ് ലെൻഡിംഗ് റേറ്റ് (എം.സി.എൽ.ആർ) മേയ് 15ന് പ്രാബല്യത്തിൽ വന്നവിധം 0.10 ശതമാനം വർദ്ധിപ്പിച്ചു. എം.സി.എൽ.ആർ അധിഷ്‌ഠിത വാഹന, വ്യക്തിഗത വായ്‌പകളുടെ പലിശനിരക്കാണ് വർദ്ധിക്കുന്നത്. ഇതോടെ ഇ.എം.ഐ ബാദ്ധ്യതയും ഉയരും.

ഓവർനൈറ്റ്, ഒരുമാസം, മൂന്നുമാസ കാലാവധികളുള്ള വായ്പകളുടെ പലിശനിരക്ക് 6.75 ശതമാനത്തിൽ 6.85 ശതമാനത്തിലേക്കാണ് ഉയർത്തിയത്. ആറുമാസക്കാലാവധിയുള്ള വായ്‌പയുടെ പലിശ 7.05ൽ നിന്ന് 7.15 ശതമാനമായി. ഒരുവർഷക്കാലാവധിയുടേത് 7.1ൽ നിന്ന് 7.2 ശതമാനത്തിലേക്കും രണ്ടുവർഷത്തിന്റേത് 7.3ൽ നിന്ന് 7.4 ശതമാനത്തിലേക്കും മൂന്നുവർഷത്തിന്റേത് 7.4ൽ നിന്ന് 7.5 ശതമാനത്തിലേക്കും ഉയർന്നു.