വെടിയുണ്ട കണ്ടെത്തിയ സംഭവം: അന്വേഷണം അയൽ സംസ്ഥാനങ്ങളിലേക്ക്

Tuesday 17 May 2022 12:02 AM IST
vediyunda

കോഴിക്കോട്: കോഴിക്കോട് തൊണ്ടയാടിനടുത്ത് നെല്ലിക്കോട് ആളൊഴിഞ്ഞ പറമ്പിൽനിന്ന് വെടിയുണ്ടകൾ കണ്ടെത്തിയ കേസിൽ അന്വേഷണം കർണാടകയിലേക്കും തമിഴ്നാട്ടിലേക്കും വ്യാപിപ്പിക്കും. വെടിയുണ്ടകൾ ലഭിക്കാൻ സാദ്ധ്യതയുള്ള അയൽ സംസ്ഥാനങ്ങൾ എന്ന അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്.

വെടിയുണ്ടകൾ ഇംഗ്ലണ്ട്, ജർമ്മനി, യു.എസ്, ഇന്ത്യ എന്നിവിടങ്ങളിൽ നിർമ്മിച്ചതാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഒരു കമ്പനിയുടെ അഞ്ചുവർഷം പഴക്കമുള്ള വെടിയുണ്ടയും പത്ത് മുതൽ പതിനഞ്ച് വർഷംവരെ പഴക്കമുള്ള മറ്റ് മൂന്ന് കമ്പനികളുടെ വെടിയുണ്ടയുമാണ് ലഭിച്ചത്. ഒരേ കമ്പനിയിൽ നിന്നും വാങ്ങാതെ വ്യത്യസ്ത കമ്പനികളിൽ നിന്ന് വെടിയുണ്ടകൾ വാങ്ങിയതെന്തിന് എന്നും പരിശോധിക്കുന്നുണ്ട്. കമ്പനികളോട് വിതരണത്തെക്കുറിച്ച് ഉൾപ്പടെയുള്ള വിവരങ്ങൾ അന്വേഷണ സംഘം രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. വെടിയുണ്ടയുടെ ബോക്സിലുണ്ടാകുന്ന കവറിലാണ് ബാച്ച് നമ്പർ ഉണ്ടാവുക. എന്നാൽ കവറുകൾ ലഭിക്കാത്തതിനാൽ ബാച്ച് നമ്പർ ലഭ്യമല്ല. ഈ ആഴ്ച അവസാനത്തോടെ വെടിയുണ്ടകൾ കോടതിയിൽ ഹാജരാക്കും. ശേഷം ബാലിസ്റ്റിക് പരിശോധന നടത്തും. തിരുവനന്തപുരത്ത് നിന്നും വിദഗ്ധ സംഘമെത്തി പരിശോധനകൾ നടത്തും.

കഴിഞ്ഞ ബുധനാഴ്ചയാണ് 5 പെട്ടികളിലായി 266 വെടിയുണ്ടകൾ കണ്ടെത്തിയത്. ഉന്നംപിടിക്കാനായി ഉപയോഗിക്കുന്ന ടാർഗെറ്റ്, വടി തുടങ്ങിയ സാധനങ്ങളും പരിശീലനത്തിനായി ഉപയോഗിച്ച വെടിയുണ്ട തുളഞ്ഞുകയറിയ പ്ലൈവുഡ് ഷീറ്റും കണ്ടെത്തിയിരുന്നു.

Advertisement
Advertisement