ഓണക്കാല പച്ചക്കറി കൃഷിക്കൊരുങ്ങി നെന്മാറ

Tuesday 17 May 2022 12:32 AM IST

നെന്മാറ: ഓണക്കാല പച്ചക്കറി കൃഷി പണികൾക്ക് തുടക്കമായി. നെന്മാറ, വിത്തനശ്ശേരി, പല്ലാവൂർ ,അയിലൂർ, പാളിയമംഗലം, തിരുവഴിയാട്, കരിങ്കുളം, കരിമ്പാറ എന്നിവിടങ്ങളിലായാണ് പച്ചക്കറി കൃഷി പണികൾക്ക് തുടക്കമായത്. പാടശേഖരങ്ങളിലെ കൃഷിയിടങ്ങൾ ഉഴുതു മറിച്ച് കാലിവളം, ജൈവവളം, ചുണ്ണാമ്പ് എന്നിവ ചേർത്ത് പ്രത്യേകരീതിയിൽ തടമെടുത്ത് വെള്ളത്തിന്റെ നീരൊഴുക്ക് ഇല്ലാതാക്കിയാണ് തൈകൾ വളർത്തുന്നത്. വിപണിയിൽ ആദ്യമെത്തുന്ന വിളയ്ക്ക് മികച്ച വില ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.

ഇടവിട്ട് പെയ്യുന്ന വേനൽമഴ കർഷകർക്കൊരനുഗ്രഹമാണ്. വിപണിയിൽ ഉയർന്ന വില ലഭിക്കുന്നതിനു വേണ്ടി പൂർണമായും ജൈവ രീതിയിൽ കൃഷി ചെയ്യുന്നതിനും തയ്യാറായി പല കർഷകരും മുന്നോട്ടു വന്നിട്ടുണ്ട്. കർഷകർക്ക് സമയങ്ങളിൽ വേണ്ടിയ നിർദേശങ്ങൾ നൽകുന്നുണ്ട്. സ്വന്തമായുള്ള കൃഷിയിടങ്ങളിൽ കൃഷി ചെയ്യുന്നവരുണ്ടെങ്കിലും പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവരാണ് ഏറെയും. ഏക്കറൊന്നിന് നാൽപത്തഞ്ചായിരം മുതൽ അമ്പതിനായിരം രൂപ വരെ പാട്ടം നൽകുന്നവരും ഉണ്ട്. തൃശൂർ, പറവൂർ, എറണാകുളം മാർക്കറ്റുകളിലേക്കാണ് ഏറിയ പങ്കും പച്ചക്കറികൾ കയറ്റി പോകുന്നത്. കഴിഞ്ഞവർഷങ്ങളിൽ അയിലൂർ, പാളിയമംഗലം, കരിങ്കുളം പ്രദേശങ്ങളിൽ നിന്നും ദിനംപ്രതി അഞ്ചു ലോഡ്പച്ചക്കറി വരെ കൊണ്ടു പോയിരുന്നു.

ഇടവിള കൃഷിയും സജ്ജം

ഇടവിളകളായി ചീര, മുളക്, വഴുതന എന്നീ തൈ ചെടികളും നട്ടുപിടിപ്പിക്കുന്നുമുണ്ട്. പ്രധാന കൃഷിയായ പാവൽ, പയർ എന്നിവയുടെ മികച്ച ഉത്പാതന ശേഷിയുള്ള നല്ലയിനം വിത്തുകൾ ശേഖരിച്ച് തടങ്ങളിൽ തന്നെ മുളപ്പിച്ചെടുക്കുന്നു. ശേഷം ചെടികൾ പടന്നു കയറുന്നതിനു വേണ്ട പന്തലുകൾ ഒരുക്കുന്നത്തിരക്കില്ലാണ് കർഷകർ.

Advertisement
Advertisement