ഇരട്ടസഹോദരനെ കഴുത്തുഞെരിച്ച് കൊന്ന യുവാവ് അറസ്റ്റിലായി
Tuesday 17 May 2022 12:00 AM IST
കണ്ണൂർ: കുടുംബവഴക്കിനിടെ ഇരട്ടസഹോദരനെ കഴുത്തുഞെരിച്ച് കൊന്ന യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. കേളകം വെണ്ടേക്കുംചാലിലെ പള്ളിപ്പാട്ട് അഭിനേഷ് പി. രവീന്ദ്രനെ (31) കൊലപ്പെടുത്തിയ കേസിലാണ് ഇരട്ടസഹോദരൻ അഖിലേഷിനെ കേളകം പൊലീസ് അറസ്റ്റുചെയ്തത്. കേളകത്ത് ബാവലി പുഴയുടെ കരയിൽ കമ്പിപ്പാലത്തിനു സമീപം ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവം നടന്നത്. ഇരുവരും ഒന്നിച്ച് മദ്യപിച്ചശേഷം വഴക്കിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തർക്കത്തിനിടെ അഭിനേഷിനെ ഉടുത്തിരുന്ന മുണ്ടുകൊണ്ട് അഖിലേഷ് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അഖിലേഷ് തന്നെയാണ് വിവരം പൊലീസിൽ അറിയിച്ചത്. പേരാവൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.