കുടുംബശ്രീ @ 25

Tuesday 17 May 2022 12:54 AM IST

പത്തനംതിട്ട : നാട്ടി​ലെ സ്ത്രീകളുടെ സമ്പത്തായി​ മാറി​യ കുടുംബശ്രീ 25-ാം വർഷത്തിലേക്ക് കടക്കുമ്പോൾ രേഖപ്പെടുത്തുന്നത് പകരം വയ്ക്കാനാവാത്ത നേട്ടങ്ങൾകൂടിയാണ്. വീടകങ്ങളി​ൽ ഒതുങ്ങി​ക്കൂടി​യ പെൺ​മനസുകളെ സാമൂഹികമായും സാമ്പത്തികമായും ഉന്നതിയിലെത്തിക്കാൻ കുടുംബശ്രീ സംരംഭങ്ങളി​ലൂടെ സാധി​ച്ചു. ജില്ലയിൽ ആകെ 10355 കുടുംബശ്രീകളുണ്ട്. 1,67,892 അംഗങ്ങളും. വയോജനങ്ങൾ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡർ എന്നിവരും അയൽക്കൂട്ടങ്ങളിൽ അംഗങ്ങളാണ്. മുപ്പതോളം സംരംഭങ്ങൾ നിലവിൽ കുടുംബശ്രീയുടെ കീഴിൽ ജില്ലയിലുണ്ട്. പ്രളയത്തിൽ തകർന്നുപോയ ജില്ലയിലെ കുടുംബങ്ങളുടെ പുനർജീവനത്തിന് കുടുംബശ്രീ വഹിച്ച പങ്ക് ചെറുതല്ല. യൂണിറ്റുകളിലൂടെ സ്ത്രീകൾക്ക് അനുവദിച്ച പലിശരഹിത വായ്പ അതിജീവനത്തിന്റെ ആദ്യപടിയായിരുന്നു. കുടുംബശ്രീ കഫേ, അമൃതം പോഷകാഹാര യൂണിറ്റ്, ജനകീയ ഹോട്ടൽ എന്നിങ്ങനെയുള്ള കുടുംബശ്രീ സംരംഭങ്ങൾ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറി.

ജില്ലയിൽ കുടുംബശ്രീ

യൂണിറ്റുകൾ : 10,355

അംഗങ്ങൾ : 1,67,892

ഓക്‌സിലറി ഗ്രൂപ്പ്
സംരംഭകത്വ പ്രവർത്തനങ്ങളിൽ ഊന്നൽ നൽകികൊണ്ടുള്ള ഓക്‌സിലറി ഗ്രൂപ്പുകളിലൂടെയാണ് കുടുംബശ്രീയുടെ പ്രവർത്തനം. അഭ്യസ്തവിദ്യരായ യുവതികളുടെ നൈപുണ്യങ്ങൾ ഫലപ്രദമായി ഉപയോഗിച്ച് സമ്പദ്ഘടനയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യ ത്തോടെയാണ് ഓക്‌സിലറി ഗ്രൂപ്പ്‌ രൂപീകരിക്കുന്നത്.

ജില്ലയിൽ 53 ഗ്രാമപഞ്ചായത്തുകളിലും നാല് നഗരസഭകളിലും 920
വാർഡുകളിലായി 923 ഗ്രൂപ്പ്‌ രൂപീകരിച്ചിട്ടുണ്ട്.

ജൈവക്കൃഷിയെ പരിപോഷിപ്പിക്കാനും കാർഷിക ഉൽപ്പന്നങ്ങളെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളായി വിപണിയിൽ എത്തിക്കാനും കുടുംബശ്രീ സംരംഭങ്ങൾ സജ്ജമാണ്. 2 ലക്ഷം രൂപ വരെയും ചെറുകിട മൂല്യവർദ്ധിത സംരംഭങ്ങൾക്ക് 50,000 രൂപ വരെയും ധനസഹായവും കുടുംബശ്രീയിലൂടെ അംഗങ്ങൾക്ക് ലഭിക്കുന്നു. കുടുംബശ്രീ ഉൽപ്പന്നങ്ങൾ വിൽപ്പന നടത്താൻ നാട്ടുച്ചന്തകളും സജീവമാണ്.

തനത് പദ്ധതികൾ

ജില്ലയുടെ തനത് പദ്ധതികളിൽ ഉൾപ്പെടുത്തി കൂവപ്പൊടി നിർമ്മാണ യൂണിറ്റ്, ശര
ക്കര നിർമ്മാണ യൂണിറ്റ്, ഗ്രാമ വെജിറ്റബിൾ കിയോസ്‌ക്, ശീതകാല പച്ചക്കറി കൃഷി
എന്നിവയുണ്ട്.

മറ്റുപ്രധാന പദ്ധതികൾ

ക്ഷീരസാഗരം, ആടുഗ്രാമം

മുട്ടക്കോഴി / കാട/താറാവ് വളർത്തൽ

പോത്തുകുട്ടി വളർത്തൽ

മിൽക്കി ലാറ്റെ (പാൽ മൂല്യ വർദ്ധിതം)

Advertisement
Advertisement