വിലക്കയറ്റം പിടിച്ചുകെട്ടി കേരള മാതൃക, നാണയപ്പെരുപ്പം ഏറ്റവും കുറവ്

Tuesday 17 May 2022 12:03 AM IST

തിരുവനന്തപുരം/കൊച്ചി: കുതിച്ചുയർന്ന ഇന്ധനവിലയും യുക്രെയിൻ യുദ്ധവും കഴിഞ്ഞ എട്ടുവർഷത്തിനിടെ രാജ്യത്ത് വിലക്കയറ്റം ഏറ്റവുമധികം രൂക്ഷമാക്കിയപ്പോൾ അതിനെ പിടിച്ചുകെട്ടുന്നതിൽ മാതൃകയായി കേരളം. രാജ്യത്ത് ഏറ്റവും നല്ല നിലയിലുള്ള പൊതുവിതരണ സംവിധാനവും പൊതുവിപണിയിലെ സർക്കാർ ഇടപെടലുമാണ് രക്ഷയായത്.

വിലക്കയറ്റം രൂക്ഷമാക്കുന്ന നാണയപ്പെരുപ്പം രാജ്യത്ത് ഏറ്റവും കുറഞ്ഞ നിലയിൽ 5.1 ശതമാനത്തിൽ തളച്ചതാണ് സംസ്ഥാനത്തിന്റെ നേട്ടം. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷന്റെ (എൻ.എസ്.ഒ.) പുതിയ റിപ്പോർട്ടിലാണ് ഈ വിവരം.

കുറഞ്ഞ നാണയപ്പെരുപ്പ നിരക്കിൽ തമിഴ്നാടാണ് രണ്ടാമത് (5.4%) രാജ്യത്താകെ 7.8 ശതമാനവും ഹരിയാന, തെലങ്കാന, മദ്ധ്യപ്രദേശ്, ബംഗാൾ സംസ്ഥാനങ്ങളിൽ ഒൻപതും മറ്റ് സംസ്ഥാനങ്ങളിൽ എട്ട് ശതമാനവുമാണ് നാണയപ്പെരുപ്പ നിരക്ക്. ഉപ്പുതൊട്ട് കർപ്പൂരം വരെ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിൽ വിലക്കയറ്റം പിടിച്ചുനിറുത്തിയത് അത്ഭുതത്തോടെയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

പെട്രോൾ, ഡീസൽ വില അസാധാരണമായി വർദ്ധിച്ചതും യുക്രെയിൻ യുദ്ധവും കൊവിഡിനുശേഷമുള്ള സാഹചര്യവും രാജ്യത്ത് പൊതുവിപണിയിൽ വൻ വിലക്കയറ്റമുണ്ടാക്കിയ സാഹചര്യത്തിലാണ് സ്റ്റാറ്റിസ്റ്റിക്കൽ ഒാർഗനൈസേഷൻ സർവേ നടത്തി റിപ്പോർട്ട് തയ്യാറാക്കിയത്. സംസ്ഥാനത്ത് ക്രമാതീതമായ രീതിയിൽ വിലക്കയറ്റം രൂക്ഷമാകാതെ പിടിച്ചുനിറുത്തിയതിന്റെ ക്രെഡ‌ിറ്റ് ശക്തമായ പൊതുവിതരണ സംവിധാനത്തിനാണ്.

താങ്ങായി പൊതുവിതരണ സംവിധാനം

 സപ്ളൈകോയിലൂടെ സബ്സിഡി നിരക്കിൽ നൽകുന്ന 13 ഇനം

അവശ്യസാധനങ്ങളുടെ വില ആറുവർഷമായി കൂട്ടിയില്ല.

 14,700 റേഷൻകടകളിലൂടെയും 1,840 ന്യായവില ഷോപ്പുകളിലൂടെയും

ആവശ്യസാധനങ്ങൾ കുറഞ്ഞ വിലയ്ക്ക്

 പാവപ്പെട്ടവർക്ക് 30 കിലോ അരി, ആറുരൂപയ്ക്ക് ഒരുകിലോ ധാന്യമാവ്, 21രൂപയ്ക്ക് പഞ്ചസാര

 ഹോർട്ടികോർപ്പിലൂടെ ന്യായവിലയ്ക്ക് പച്ചക്കറികൾ

 മത്സ്യ വില നിയന്ത്രിക്കാൻ ലേല നിയന്ത്രണ സംവിധാനം

 കെപ്കോയിലൂടെ ന്യായവിലയ്ക്ക് കോഴിയിറച്ചി.

 ഒന്നരക്കോടി ജനങ്ങൾക്ക് സൗജന്യറേഷൻ

"വിലക്കയറ്റം പിടിച്ചുനിറുത്തുന്നതിൽ സർക്കാർ ഫലപ്രദമായി ഇടപെടുന്നു എന്നതിന്റെ തെളിവാണിത്. ഭക്ഷ്യധാന്യങ്ങളടക്കമുള്ളവയ്ക്ക് മറ്റു നാടുകളെ ആശ്രയിക്കുന്ന ഒരു സംസ്ഥാനത്തിനാണ് ഇത്തരമൊരു നേട്ടമുണ്ടായതെന്നാണ് പ്രത്യേകത.

-കെ.എൻ.ബാലഗോപാൽ,ധനമന്ത്രി

Advertisement
Advertisement