ഇന്നലെകൾ ഇനി സീതയ്‌ക്ക് സ്വന്തം, മനസു നിറച്ച് ഏഴു വർഷത്തിന് ശേഷം നേപ്പാളിലേക്ക്

Tuesday 17 May 2022 12:05 AM IST

കണ്ണൂർ: ഇന്നലെകൾ വീണ്ടെടുത്ത് നേപ്പാളിലുള്ള ഉറ്റവരുടെ അടുത്തേക്ക് മടങ്ങാനൊരുങ്ങുമ്പോൾ സീതാ ഖനാലിൽ സന്തോഷത്തിനൊപ്പം ആശങ്കയുമുണ്ട്. ഏഴ് വർഷത്തിന് ശേഷം മടങ്ങിയെത്തുന്ന തന്നെ ഭർത്താവ് സ്വീകരിക്കുമോ എന്നതാണ് അവരുടെ ആശങ്ക. എങ്ങനെയാണെന്നറിയില്ല, സീതാ ഖനാൽ എന്ന വീട്ടമ്മ ഏഴു വർഷം മുമ്പ് ശ്രീബുദ്ധന്റെ നാട്ടിൽ നിന്ന് കേരളത്തിലെത്തുമ്പോൾ പേരുപോലും ഓർമ്മയുണ്ടായിരുന്നില്ല. അന്ന് പ്രായം അമ്പത് വയസ്. പക്ഷേ അവരുടെ ഓർമ്മ പദ്മാരജൻ 'ഇന്നലെ" സിനിമയിലെ ശോഭനയുടെ കാഥാപാത്രത്തിന് സമാനം.

പയ്യന്നൂർ ഒളവറയിൽ അലഞ്ഞു നടന്ന സീതയെ പൊലീസ് പിലാത്തറയിലെ ഹോപ്പ് പുനരധിവാസ കേന്ദ്രത്തിലെത്തിച്ചു. ഹോപ്പിലെത്തിയപ്പോൾ ലക്ഷ്‌മി എന്നാണ് പേര് പറഞ്ഞത്. സീതയെ ഓർമ്മകളിലേക്ക് മടക്കാൻ മാനേജിംഗ് ട്രസ്റ്റി കെ.എസ്. ജയമോഹന്റെയും ഹോപ്പിലെ അംഗങ്ങളുടെയും ശ്രമം തുടർന്നു. പരിയാരം മെഡിക്കൽ കോളേജിൽ മാസങ്ങൾ നീണ്ട ചികിത്സയിൽ ഓർമ്മ ഭാഗികമായി വീണ്ടെടുത്തു. പേര് വനമാലയെന്നും ഭർത്താവും ആറു മക്കളുമുണ്ടെന്നും പറഞ്ഞു. വനമാല എന്ന പേരിൽ ആരോഗ്യ ഇൻഷ്വറൻസെടുത്ത് ചികിത്സ തുടർന്നു. പക്ഷേ 2019 അവസാനം പേര് ബർമാല എന്നാണെന്നും നേപ്പാൾ സ്വദേശിയാണെന്നും പറഞ്ഞു.

2021ൽ ഹോപ്പിൽ ഇന്റേൺഷിപ്പിനെത്തിയ കോട്ടയം ബി.വി.എം കോളേജിലെ എം.എസ്.ഡബ്ലിയു വിദ്യാർത്ഥി ജസ്റ്റീന നിവിൽ സീതയെ ഏറ്റെടുത്ത് ഒരു മാസം ഒപ്പം താമസിപ്പിച്ചു. നിരന്തരം സംസാരിച്ചു. അങ്ങനെ സീതാ ഖനാൽ എന്ന പേര് അവർ വീണ്ടെടുത്തു. തുടർന്ന് ഭർത്താവിനെയും മക്കളെയും ഓർത്തെടുത്തു. ഭർത്താവ് ദേവ് രാജ് ഖനാൽ നേപ്പാളിൽ ബുദ്ധവിഹാരത്തിലെ പൂജാരിയാണ്.

 ചിത്രം കണ്ടു, നേപ്പാൾ തിരിച്ചറിഞ്ഞു

ഗൂഗിളിൽ നേപ്പാളിലെ സ്ഥലങ്ങളും ചിത്രങ്ങളും മറ്റും കാട്ടിക്കൊടുത്തു. ബുദ്ധന്റെ ചിത്രം കാട്ടിയപ്പോൾ എഴുന്നേറ്റ് നിന്ന് കൈകൾ കൂപ്പി. കപിലവസ്തുവിലെ ബെറ്റ്‌വാൾ എന്ന സ്ഥലത്ത് കണ്ണുടക്കി. നേപ്പാൾ ലുംബിനി പ്രവിശ്യയിൽ കപിലവസ്തു ജില്ലയിലെ ബുദ്ധഭൂമി മുനിസിപ്പാലിറ്റിയിൽ എട്ടാം വാർഡിലെ താമസക്കാരിയാണെന്നും തിരിച്ചറിഞ്ഞു. തുടർന്ന് വിദേശമന്ത്രാലയം നടത്തിയ അന്വേഷണത്തിൽ കപിലവസ്തുവിൽ ഇങ്ങനെ ഒരാളെ കാണാതായിട്ടുണ്ടെന്ന് കണ്ടെത്തി.
നേപ്പാളിലേക്ക് മടങ്ങാൻ സീതയെ ഹോപ്പ് ഡൽഹിയിലെത്തിക്കും. ഇന്ന് കണ്ണൂർ മഹാത്മാ മന്ദിരത്തിൽ യാത്രഅയപ്പാണ്. ഭർത്താവ് സ്വീകരിച്ചില്ലെങ്കിൽ മടങ്ങിവരാനുള്ള വിമാന ടിക്കറ്റിന്റെ പൈസയും അക്കൗണ്ടിലിട്ടാണ് സീതയെ ഹോപ്പ് യാത്രയാക്കുന്നത്.

'ഹോപ്പിനും എനിക്കും സന്തോഷമുള്ള അനുഭവമാണിത്. സീത ഖനാലിന്റെ കുടുംബത്തിന് ഇവിടെ വന്ന് അവരെ കൊണ്ടുപോകാനുള്ള സാമ്പത്തികമില്ല. രണ്ടു രാജ്യങ്ങൾ തമ്മിലുള്ള കൈമാറ്റമായതിനാൽ ഡൽഹിയിൽ നയതന്ത്ര ചാനലിലൂടെ മാത്രമേ ഇവരെ കൈമാറാനാകൂ".

- ജയമോഹൻ,​ ഹോപ്പ് മാനേജിംഗ് ട്രസ്റ്റി

Advertisement
Advertisement