കൂളിമാട് പാലത്തിന്റെ ബീമുകൾ തകർന്നുവീണു

Tuesday 17 May 2022 12:35 AM IST

മാവൂർ: നിർമ്മാണം അന്തിമഘട്ടത്തിലെത്തിയ മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ കോൺക്രീറ്റ് ബീമുകൾ തകർന്നുവീണു. ആർക്കും പരിക്കില്ല. ഇന്നലെ രാവിലെ ഒൻപതോടെ മലപ്പുറം ജില്ലയുടെ ഭാഗത്തെ തൂണുകൾക്കു മുകളിലെ ബീമുകളാണ് തകർന്നത്. കോൺക്രീറ്റ് സ്ലാബുകൾ കൂട്ടി യോജിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ജാക്കിയുടെ പ്രവർത്തനം നിലച്ചതാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.

2019 മാർച്ചിലാണ് നിർമ്മാണം തുടങ്ങിയത്. സംഭവത്തിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ബന്ധപ്പെട്ട

ഉദ്യോഗസ്ഥരോട് റിപ്പോർട്ട് തേടി. കോഴിക്കോട് ജില്ലയുടെ കരഭാഗത്തും ചാലിയാറിൽ മലപ്പുറം ഭാഗത്തായും പാലത്തിന്റെ തൂണുകൾക്ക് വേണ്ടിയുള്ള പൈലിംഗ് നടത്തി ഐലൻഡ് സ്ഥാപിച്ചിരുന്നു. ഇതിനിടെ പുഴയിലെ ശക്തമായ ഒഴുക്കിൽ ഐലൻഡ് ഒലിച്ചുപോയതോടെ നിർമ്മാണം നിറുത്തിവച്ചിരുന്നെങ്കിലും പിന്നീട് പുനരാരംഭിക്കുകയായിരുന്നു.

നിർമ്മാണ തകരാറല്ല:

ഊരാളുങ്കൽ സൊസൈറ്റി

പാലത്തിന്റെ ബീം ചരിയാനിടയായത് ഉയർത്തി നിറുത്തിയിരുന്ന ഹൈഡ്രോളിക് ജാക്കികളിൽ ഒന്ന് പൊടുന്നനെ തകരാറിലായതുകൊണ്ടാണെന്ന് കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പറഞ്ഞു. നിർമ്മാണത്തകരാറോ അശ്രദ്ധയോ അല്ല. നിർമ്മാണത്തിന് ഉപയോഗിച്ച ഒരു യന്ത്രത്തിനുണ്ടായ തകരാർ മാത്രമാണ് സംഭവിച്ചത്. നിർമ്മാണം തികഞ്ഞ ഗുണമേന്മയോടെയാണ് നടത്തുന്നത്. ഗർഡറുകൾ പുനഃസ്ഥാപിച്ച് നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാനുള്ള പ്രവർത്തനം ഉടൻ ആരംഭിക്കും.

ക്യാപ്ഷൻ: നിർമാണത്തിലിരിക്കുന്ന കൂളിമാട് പാലത്തിന്റെ ബീം തകർന്ന് പുഴയിലേക്ക് പതിച്ച നിലയിൽ.

Advertisement
Advertisement