മഹാമംഗളാരതിയോടെ മഹാകാളികായാഗം സമംഗളമായി

Tuesday 17 May 2022 1:13 AM IST

തിരുവനന്തപുരം: വെങ്ങാനൂർ പൗർണമിക്കാവിൽ മഹാകാല ഭൈരവ അഖാഡയുടെ നേതൃത്വത്തിൽ നടന്ന മഹാകാളികായാഗം ഇന്നലെ സമാപിച്ചു. യാഗത്തിന്റെ അവസാന ദിനമായ ഇന്നലെ കാളീപഞ്ചകമൂലമന്ത്രകയാഗ മഹാവസോർദാരയും കർമ്മ ഉത്തരാങ്കദാന ദക്ഷിണാങ്കിയും നടന്നു. ഏകാദശ രുദ്രമഹാഹവന പൂർണത സങ്കൽപം, മഹാകാലഭൈരവ ഹവന പൂർണത സങ്കൽപം, കലശാഭിഷേക നിമജ്ജന ചടങ്ങുകൾക്ക് ശേഷം വേദമന്ത്ര ആശീർവാദകം നടന്നു.

ആസാം കാമാഖ്യ ദേവീ ക്ഷേത്രത്തിലെ രാജപുരോഹിതനായ പ്രൊഫ.അശോക് ഭട്ടാചാര്യയുടെ കാർമ്മികത്വത്തിലാണ് മഹാകാളികാ യാഗപൂജകൾ നടന്നത്. പൗർണമിക്കാവിലെ യാഗശാലയിൽ കുംഭാഭിഷേകം നടത്തി. അക്ഷരദേവതമാരുടെ അനുഗ്രഹം ഭക്തർ ഏറ്റുവാങ്ങി.

ഇന്നലെ രാവിലെ കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ യാഗശാലയിലെത്തി ദേവിക്ക് പുഷ്പാഭിഷേകം നടത്തി. ഒറ്റക്കല്ലിലെ ഏറ്റവും വലിയ പഞ്ചമുഖ ഗണപതി വിഗ്രഹത്തിനുള്ള ഇൻക്രഡിബിൾ ബുക്ക് ഒഫ് റെക്കോർഡ്സ് സർട്ടിഫിക്കറ്റ് ക്ഷേത്രം ട്രസ്റ്റി സരിഗാ ബാബുവിന് വി. മുരളീധരൻ കൈമാറി.

കൈലാസപുരി സ്വാമിയുടെ സാന്നിദ്ധ്യത്തിൽ നടന്ന മഹാകാളികാ യാഗം കാണാൻ നൂറു കണക്കിന് ഭക്തരാണ് തടിച്ചു കൂടിയത്.

പിതൃമോക്ഷത്തിനായി നടത്തിയ കാലഭൈരവ ഹവനത്തിന്റെ സുകൃത മോക്ഷത്തിനായി വിവിധ കാളീപീഠങ്ങളിലെയും മഹാശിവക്ഷേത്രങ്ങളിലെയും ആചാര്യന്മാരുടെ കാർമ്മികത്വത്തിൽ കന്യാകുമാരിയിലെ ത്രിവേണി സംഗമത്തിൽ ഇന്ന് നടക്കുന്ന സുകൃത മോക്ഷസങ്കൽപ സമർപ്പണത്തോടെ മഹാകാളികായാഗം പരിപൂർണതയിലെത്തും.

Advertisement
Advertisement