25ന്റെ നിറവിൽ കുടുംബശ്രീ: പെൺക്കരുത്തിന്റെ ശ്രീ

Tuesday 17 May 2022 1:18 AM IST

മലപ്പുറം: 1998 മേയ് 17, കുടുംബശ്രീയുടെ സംസ്ഥാന തല ഉദ്ഘാടനത്തിനായി കോട്ടക്കുന്നിന്റെ മുകളിൽ അമ്പതിനായിരത്തോളം സ്ത്രീകൾ ഒരുമിച്ച് കൂടിയ ദിവസം. അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ഉദ്ഘാടനത്തിനായി വേദിയിൽ എത്തിയപ്പോൾ സ്വീകരണം നൽകാൻ വേദിയിലേക്ക് കയറിയതും അദ്ദേഹത്തിനൊപ്പം വേദി പങ്കിട്ടതും ഇന്നും ഓർമ്മകളിലെ മായാത്ത വസന്തമാണെന്ന് മലപ്പുറം പുഴക്കാട്ടിരി സ്വദേശിനി ബീന സണ്ണി പറയുന്നു. ഇന്ന് സംസ്ഥാനത്ത് കുടുംബശ്രീയുടെ 25ാമത് വാർഷികം ആഘോഷിക്കുമ്പോൾ കുടുംബശ്രീ തുടക്കം കുറിച്ച കാലത്ത് അതിന് വെള്ളവും വളവും നൽകി പരിപാലിച്ചിരുന്നയാളാണ് ബീന സണ്ണി.

സമൂഹത്തിൽ സ്ത്രീ പ്രാതിനിധ്യം പൊടിക്ക് പോലും ഇല്ലാതിരുന്ന അക്കാലത്ത് കുടുംബശ്രീയിലൂടെ സ്ത്രീകളെ പൊതു ഇടങ്ങളിലേക്ക് എത്തിക്കാനായ ചരിത്ര നിമിഷങ്ങളെല്ലാം ബീന അഭിമാനത്തോടെ ഓർക്കുന്നുണ്ട്. 1994ൽ യുനിസെഫിന്റെയും നബാർഡിന്റെയും കീഴിൽ തുടക്കം കുറിച്ച സി.ബി.എൻ.ടിയുടെ ജില്ലാ ചെയർപേഴ്സണായിരുന്നു ബീന സണ്ണി. സി.ബി.എൻ.ടിയെ 1998ലാണ് കുടുംബശ്രീയായി വിപുലീകരിച്ചത്. 2000ത്തോടെ കൂടുതൽ പ്രാദേശിക തലങ്ങളിലേക്ക് കുടുംബശ്രീ വ്യാപിപിക്കുകയും യൂണിറ്റുകൾ ആരംഭിക്കുകയും ചെയ്തു. അന്ന് ജില്ലാതല സി.ഡി.എസ് ചെയർപേഴ്സണായും ബീന പ്രവർത്തിച്ചു. 2005 മുതൽ 2010 വരെ സംസ്ഥാന ഗവേണിംഗ് അംഗവുമായിരുന്നു.

സ്ത്രീ ശാക്തീകരണത്തിന്റെ തുടക്കകാലം

ഏറെ പ്രയാസപ്പെട്ടാണ് ഓരോ കുടുംബശ്രീ യൂണിറ്റുകളും അക്കാലത്ത് ആരംഭിച്ചതെന്ന് ബീന പറയുന്നു. പൊതുഇടങ്ങളിലേക്കിറങ്ങാൻ സ്ത്രീകൾക്ക് മടിയും ഭയവുമായിരുന്നു. പൊതുപരിപാടികളിലൊന്നും സാധാരണ സ്ത്രീകളെ ഒട്ടും കണ്ടു തുടങ്ങിയിട്ടില്ലാത്ത കാലത്താണ് കുടുംബശ്രീയുടെ ലക്ഷ്യവും പ്രവർത്തനങ്ങളും ബോധ്യപ്പെടുത്തി സ്ത്രീകളെ പൊതുരംഗത്തേക്ക് കൊണ്ടുവന്നത്. സ്ത്രീകളെ സ്വയം തൊഴിലിലേക്ക് എത്തിക്കാനും അവകാശങ്ങളെ കുറിച്ച് ബോധമുള്ളവരാക്കാനും വേദികളിൽ നിന്ന് സദസ്സിനോട് സംസാരിക്കാനും കുടുംബശ്രീ ഒരുപാട് സ്ത്രീകൾക്ക് ഊർജ്ജം പകർന്നിട്ടുണ്ട്. ഭിന്നശേഷിക്കാരായ ആളുകളുടെ കഴിവുകളെ തുറന്നു കാട്ടുന്നതിനായി വേദിയൊരുക്കാനുമെല്ലാം കുടുംബശ്രീ വെട്ടി തുറന്ന പാതകൾ ഇന്നും സജീവമാണ്.

അനിതയാണ് വീടിന്റെ ‌‌‍'കുടുംബ ‌ശ്രീ'

2012 മുതൽ കുടുംബശ്രീയുടെ പ്രവർത്തനങ്ങളിൽ സജീവമായ താനാളൂർ എടപ്പഴിൽ വീട്ടിൽ അനിതയിന്ന് തന്റെ കുടുംബത്തിന്റെ അത്താണിയാണ്. ഭർത്താവും രണ്ട് മക്കളമടങ്ങുന്ന അനിതയുടെ കുടുംബത്തിന് വരുമാന സ്രോതസ്സൊരുക്കിയത് കുടുംബശ്രീയാണ്. കുടുംബശ്രീയിൽ നിന്ന് അഞ്ച് ലക്ഷം രൂപ ലോണെടുത്ത് ആരംഭിച്ച ഗൃഹലക്ഷ്മി എന്ന ചെറുകിട ബിസിനസാണ് കഴിഞ്ഞ എട്ട് വർഷമായി കുടംബത്തിന്റെ വരുമാനം. താനാളൂരിലെ വെൽക്കം എന്ന കുടുംബശ്രീ അംഗമാണ് അനിത. പൊടിമില്ലായി തുടങ്ങിയതാണെങ്കിലും ഇപ്പോൾ ഭക്ഷ്യ വസ്തുക്കൾ പൊടിച്ചെടുത്ത് കടകളിലും സൂപ്പർമാർക്കറ്റുകളിലും വിൽപ്പന നടത്തിയാണ് മുന്നോട്ട് പോവുന്നത്. ഇതിനായുള്ള മുഴുവൻ ഊർജ്ജവും പരിശീലനവും നൽകിയത് കുടുംബശ്രീയാണെന്ന് അനിത പറയുന്നു. 20 വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് ജയപ്രകാശിന് സോപ്പ് കമ്പനിയുണ്ടായിരുന്നു. അ‍ഞ്ച് വർഷം അതുമായി മുന്നോട്ടുപോയെങ്കിലും പിന്നീട് നഷ്ടം സംഭവിച്ചതോടെ അവസാനിപ്പിച്ചു. ശേഷം വിവിധ തരം പ്രൊഡക്ടുകർ വീടുകളിലേക്ക് വാഹനത്തിൽ എത്തിക്കുന്ന പരിപാടി ആരംഭിച്ചെങ്കിലും അതും നിറുത്തേണ്ടി വന്നു. ഇതോടെ സാമ്പത്തിക ബുദ്ധിമുട്ടിലായ കുടുംബത്തിന് തുണയായത് കുടുംബശ്രീയാണ്. എം.ടെക്കിന് മകൾ അഞ്ജനയും,​ ബി.ബി.എക്ക് പഠിക്കുന്ന മകൻ അർജുനും ഭർത്താവ് ജയപ്രകാശുമെല്ലാം അനിതയെ ബിസിനസിൽ സഹായിക്കാനായി രംഗത്തുണ്ട്.

Advertisement
Advertisement