കൊല്ലത്ത് തീരദേശഹൈവേ കടൽപ്പാലത്തിലേറും

Tuesday 17 May 2022 1:35 AM IST

നീളം 2 കിലോമീറ്റർ

 തങ്കശേരി മുതൽ തിരുമുല്ലവാരം വരെ

കൊല്ലം: സുഖയാത്രയ്ക്കൊപ്പം സാഗരസൗന്ദര്യവും ആസ്വദിക്കാൻ തങ്കശേരി മുതൽ തിരുമുല്ലവാരം വരെ രണ്ട് കിലോ മീറ്റർ നീളത്തിൽ കടൽപ്പാലം വരുന്നു. വിവിധ തീരദേശ റോഡുകളെ കോർത്തിണക്കിയുള്ള തീരദേശഹൈവേയുടെ ഭാഗമായാണ് തങ്കശേരി ലൈറ്റ് ഹൗസ് മുതൽ തിരുമുല്ലവാരം വരെ പുതിയ പാലം നിർമ്മിക്കുന്നത്.

14 മീറ്റർ വീതിയിലാണ് തീരദേശ ഹൈവേ. ഇതിൽ 9 മീറ്ററിലാകും റോഡ്. ഇരുവശങ്ങളിലും രണ്ട് മീറ്റർ വീതിയിൽ നടപ്പാതയും ശേഷിക്കുന്ന സ്ഥലത്ത് സൈക്കിൾ ട്രാക്കുമാണ് ലക്ഷ്യമിടുന്നത്. ടൂറിസം സാദ്ധ്യത പ്രയോജനപ്പെടുത്താൻ 14 മീറ്റർ വീതിയിൽ പാലം നിർമ്മിക്കാനാണ് ആലോചന. നടപ്പാതയിൽ സഞ്ചാരികൾക്ക് വിശ്രമിക്കാനും കടൽക്കാഴ്ച കാണാനുമുള്ള സൗകര്യം ഒരുക്കും. ഇതിനായി ഇരിപ്പിടങ്ങളും ആകർഷകമായ വൈദ്യുതി വിളക്കുകളും സ്ഥാപിക്കും.

തീരദേശഹൈവേ കാപ്പിൽ, പരവൂർ തെക്കുംഭാഗം, മണിയൻകുളം പാലം, പൊഴിക്കര, മയ്യനാട് ബീച്ച്, കൊല്ലം ബീച്ച്, തങ്കശേരി, തിരുമുല്ലവാരം വഴി ശക്തികുളങ്ങരയിലെത്തും. അവിടെ നിന്ന് ദേശീയപാത വഴി ഇടപ്പള്ളക്കോട്ടയിലെത്തും. തുടർന്ന് തീരദേശത്തേക്ക് പോയി പണിക്കർ കടവ്, അഴീക്കൽ, വലിയഅഴീക്കൽ എന്നിങ്ങനെയാണ് തീരദേശഹൈവേയുടെ പുതിയ അലൈൻമെന്റ്. കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമ്മാണ ചുമതല.

അലൈൻമെന്റ് തയ്യാറായി

1. നാറ്റ്പാക്കിന്റെ നേതൃത്വത്തിൽ തീരദേശഹൈവേയുടെ അലൈൻമെന്റ് തയ്യാറായി

2. വീതികൂട്ടലിനായി ഏറ്റെടുക്കേണ്ട ഭൂമികളുടെ സർവേ നമ്പർ അടങ്ങിയ വിജ്ഞാപനം പുറപ്പെടുവിച്ചു

3. 47 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നാണ് പ്രാഥമിക കണക്ക്

4. ഓരോ സർവേ നമ്പരിൽ നിന്നും ഏറ്റെടുക്കേണ്ടി വരുന്ന ഭൂമിയുടെ അളവ് കണക്കാക്കാനുള്ള സർവേ പുരോഗമിക്കുന്നു

5. നാറ്റ്പാക്കിന്റെ നേതൃത്വത്തിൽ തീരദേശഹൈവേയുടെ ഡി.പി.ആർ തയ്യാറാക്കലും മുന്നേറുന്നു

6. ഇത് പൂർത്തിയായാലേ മൂന്ന് റീച്ചുകളായുള്ള പാതയുടെ കൃത്യമായ ചെലവ് കണക്കാക്കാനാകൂ

നീളം 51 കിലോമീറ്റർ

നേരത്തെ 56 കിലോമീറ്ററാണ് ജില്ലയിൽ തീരദേശ ഹൈവേയുടെ നീളം കണക്കാക്കിയിരുന്നത്. പുതിയ അലൈൻമെന്റ് പ്രകാരം അത് 51 കിലോ മീറ്ററായി ചുരുങ്ങി. ഇതിൽ 9 കിലോമീറ്റർ നീളത്തിൽ നിലവിലുള്ള ദേശീയപാതയിലൂടെയാണ് കടന്നുപോകുന്നത്. ബാക്കി 42 കിലോമീറ്റർ നീളത്തിലാണ് വികസനം.

മൂന്ന് റീച്ചുകളും ഏറ്റെടുക്കുന്ന ഏകദേശ ഭൂമിയും

കാപ്പിൽ - തങ്കശേരി - 25 ഹെക്ടർ

തങ്കശേരി - ശക്തികുളങ്ങര - 9 ഹെക്ടർ

ഇടപ്പള്ളിക്കോട്ട - വലിയഅഴീക്കൽ - 23 ഹെക്ടർ

തീരദേശ ഹൈവേ യാഥാർത്ഥ്യമാകുന്നതോടെ എൻ.എച്ച് 66 ലെ ഗതാഗതക്കുരുക്കിന് വലിയളവിൽ കുറവുണ്ടാകും. ലക്ഷ്യസ്ഥാനങ്ങളിലെത്താനുള്ള സമയവും കുറയും.

കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ

Advertisement
Advertisement