പ്രമുഖ നേതാക്കൾ ക്യാമ്പ് ചെയ്താൽ ജനത്തിന്റെ മനസ് മാറില്ല, കേരളത്തിലെ ജനങ്ങൾ പ്രബുദ്ധരാണ്; മുഖ്യമന്ത്രിയെ പരോക്ഷമായി വിമർശിച്ച് സാബു ജേക്കബ്
കൊച്ചി: തൃക്കാക്കരയിൽ ക്യാമ്പ് ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി വിമർശിച്ച് ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ്. പ്രമുഖ നേതാക്കൾ ക്യാമ്പ് ചെയ്താൽ ജനത്തിന്റെ മനസ് മാറില്ലെന്ന് അദ്ദേഹം വിമർശിച്ചു.
'കേരളത്തിലെ ജനങ്ങൾ പ്രബുദ്ധരാണ്. തിരഞ്ഞെടുപ്പ് സമയത്ത് മാത്രം പുകഴ്ത്തുന്നവർക്ക് വോട്ട് കൊടുക്കില്ല. പ്രധാനമന്ത്രിയോ, രാഹുൽ ഗാന്ധിയോ, സോണിയാ ഗാന്ധിയോ ആര് വന്നു എന്നല്ല, ജനങ്ങൾക്ക് കൃത്യമായ കാഴ്ചപ്പാടുണ്ട്.
ചെറിയൊരു വിഭാഗം ആളുകളുടെ മനസ് മാറ്റാൻ സാധിക്കുമായിരിക്കും. പക്ഷേ അത് ആരുടെയും വിജയ സാദ്ധ്യതയെ ബാധിക്കുമെന്ന് തോന്നുന്നില്ല.'- സാബു ജേക്കബ് പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പിന്തുണ ആർക്കാണെന്ന് ഉടൻ പ്രഖ്യാപിക്കുമെന്ന് സാബു എം ജേക്കബ് ഇന്നലെ അറിയിച്ചിരുന്നു. കെ റെയിൽ, അക്രമ രാഷ്ട്രീയം തുടങ്ങിയവയാകും തിരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.