ആരെങ്കിലും അടുത്ത് വന്നാൽ തീയിടും, വീടിനകത്ത് മണ്ണെണ്ണയൊഴിച്ച് എട്ടാം ക്ലാസുകാരന്റെ ഭീഷണി; പ്രകോപനത്തിന് കാരണമായത് "ഫ്രീഫയർ" ഗെയിം

Tuesday 17 May 2022 10:08 AM IST

തൃശൂർ: വീട്ടിൽ മണ്ണെണ്ണയൊഴിച്ച് എട്ടാം ക്ലാസുകാരന്റെ ഭീഷണി. ഓൺലൈൻ ഗെയിമായ 'ഫ്രീഫയർ' അമ്മ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്തതിന്റെ ദേഷ്യത്തിലാണ് വീട് കത്തിക്കുമെന്ന് കുട്ടി ഭീഷണി മുഴക്കിയത്. വടക്കാഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.


പഠനാവശ്യത്തിനുവേണ്ടിയാണ് പ്രവാസിയായ പിതാവ് കുട്ടിക്ക് മൊബൈൽ ഫോൺ വാങ്ങിച്ചുകൊടുത്തത്. എന്നാൽ കുട്ടിയാകട്ടെ ഫ്രീഫയർ അടക്കമുള്ള ഗെയിമുകൾ ഡൗൺലോഡ് ചെയ്ത്, മുഴുവൻ സമയവും അതിൽ മുഴുകി. പഠനത്തിലും ശ്രദ്ധ കുറഞ്ഞു.

വാതിലടച്ചുള്ള മകന്റെ ഗെയിം കളി പതിവായതോടെ രക്ഷിതാക്കൾ കുട്ടിയെ കൗൺസിലിംഗിന് വിധേയനാക്കിയിരുന്നു. എന്നാൽ കുറച്ച് ദിവസം കഴിഞ്ഞപ്പോഴേക്ക് കാര്യങ്ങൾ വീണ്ടും പഴയപടിയായി. ഇതോടെയാണ് അമ്മ ഗെയിം ഡിലീറ്റ് ചെയ്തത്.

പ്രകോപിതനായ എട്ടാം ക്ലാസുകാരൻ അടുക്കളയിൽ നിന്ന് മണ്ണെണ്ണയെടുത്ത് വീടിനകത്ത് മുഴുവൻ ഒഴിച്ചു. അടുത്ത് ആരെങ്കിലും വന്നാൽ തീയിടും എന്നും ഭീഷണിപ്പെടുത്തി. ഇതോടെ അമ്മ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയപ്പോൾ കുട്ടി ടോയ്‌‌ലെറ്റിൽ കയറി വാതിലടച്ചു. ഗെയിം വീണ്ടും ഡൗൺലോഡ് ചെയ്തുതരാമെന്ന് പറഞ്ഞപ്പോഴാണ് പുറത്തിറങ്ങിയത്. തുടർന്ന് കുട്ടിയെ കൗൺസിലിംഗിന് വിധേയനാക്കി.