വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ചതിന് സസ്പെൻഷനിലായ കെഎസ്ആർടിസി ഡ്രൈവറെ തിരിച്ചെടുത്തു, നടപടി നിബന്ധനകൾക്കു വിധേയമായിട്ട്
കോട്ടയം: വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് കെഎസ്ആർടിസിക്ക് 5.30 ലക്ഷം രൂപ നഷ്ടമുണ്ടാക്കിയതിന് സസ്പെൻഷനിലായ ഡ്രൈവർ എസ് ജയദീപിനെ സർവീസിൽ തിരിച്ചെടുത്തു. സസ്‌പെൻഷൻ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് നടപടി. ഈരാറ്റുപേട്ടയിൽ ഡ്രൈവറായിരുന്ന ജയദീപിനെ അച്ചടക്കനടപടിയുടെ ഭാഗമായി ഗുരുവായൂർ ഡിപ്പോയിലേക്ക് സ്ഥലംമാറ്റിയിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ ഉണ്ടായ പ്രളയത്തിൽ ഒരാൾപ്പൊക്കമുള്ള വെള്ളത്തിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കിയെന്ന് ആരോപിച്ചാണ് ജയദീപിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. പൊതുമുതൽ നശിപ്പിച്ചതിന് ജയദീപിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്കു മുന്നിൽ വച്ചാണ് ബസ് വെള്ളക്കെട്ടിൽ കുടുങ്ങിയത്. ബസ് എടുക്കുമ്പോൾ അധികം വെള്ളമില്ലായിരുന്നെന്നും എന്നാൽ മീനച്ചിലാറ്റിൽ നിന്ന് പെട്ടെന്ന് ഇരച്ചെത്തിയ വെള്ളത്തിൽ ബസ് കുടുങ്ങിപോകുകയായിരുന്നെന്നും ജയദീപ് പറഞ്ഞു. ബസിലുണ്ടായിരുന്ന യാത്രക്കാരെ പ്രദേശവാസികളാണ് പുറത്തിറക്കിയത്. വടം കെട്ടിയാണ് ബസിനെ വെള്ളത്തിൽ നിന്നും വലിച്ചുകയറ്റിയത്.