സംസ്ഥാനത്ത് പൂട്ടിയ 68 മദ്യശാലകൾ ഉടൻ തുറക്കും;നടപടി സർക്കാരിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമായി

Tuesday 17 May 2022 8:58 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് അടച്ചുപൂട്ടിയ 68 മദ്യശാലകൾ തുറക്കാൻ ഉത്തരവിട്ട് സ‌ർക്കാർ. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് പൂട്ടിയതും ദേശീയപാതയോരത്ത് നിന്നും മാറ്റിയതും നാട്ടുകാരുടെ വ്യാപക പ്രതിഷേധത്തെ തുടർന്ന് നിർത്തിയതുമായ മദ്യഷോപ്പുകളാണ് തുറക്കാൻ ഉത്തരവായത്. സർക്കാരിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമായാണ് മദ്യശാലകൾ തുറക്കുന്നത്.

പൂട്ടിപ്പോയവ പ്രീമിയം ഔട്ട്ലെറ്റുകളായി തുറക്കാൻ അനുവദിക്കണമെന്ന് ബെവ്‌കോ സർക്കാരിനോട് ശുപാർശ ചെയ്‌തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ ഔട്ട്ലെറ്റുകൾ തുറക്കുന്നത്. പൂട്ടിപ്പോയ താലൂക്കിൽ അനുമതിയില്ലെങ്കിൽ മറ്റൊരു താലൂക്കിൽ തുറക്കാനാണ് സർക്കാർ നിർദ്ദേശം.

ഏപ്രിൽ ഒന്നിന് പ്രഖ്യാപിച്ച സർക്കാരിന്റെ പുതിയ മദ്യനയപ്രകാരം മദ്യത്തിന്റെ എക്‌സൈസ് ഡ്യൂട്ടി വർദ്ധിപ്പിച്ചു. മിലിട്ടറി- അർദ്ധ സൈനിക ക്യാന്റീനുകളിൽ ഇതോടെ വില കൂടും. ബാറുകളുടെ വിവിധ ഫീസുകൾ കൂട്ടി. ഐടി പാർക്കിൽ ബിയർ, വൈൻ പാർലറിന് അനുവാദമുണ്ട്.