ഓഹരിയിലെ കന്നിയങ്കം: എൽ.ഐ.സിക്ക് കോട്ടവും നേട്ടവും

Wednesday 18 May 2022 3:33 AM IST

 ഓഹരിവില 7.7 ശതമാനം കുറഞ്ഞു

കൊച്ചി: ഓഹരിവിപണിയിൽ പോരിനിറങ്ങിയ എൽ.ഐ.സിക്ക് കന്നിയങ്കത്തിൽ കനത്തക്ഷീണം. ഇന്നലെ വ്യാപാരത്തുടക്കത്തിൽ തന്നെ വില 8.62 ശതമാനം താഴ്‌ന്ന് 867.20 രൂപയിലെത്തി. പ്രാരംഭ ഓഹരിവില്പന (ഐ.പി.ഒ) വില (ഇഷ്യൂ വില) 949 രൂപയായിരുന്നു. വ്യാപാരാന്ത്യം ബി.എസ്.ഇയിൽ 7.75 ശതമാനം നഷ്‌ടവുമായി 875.45 രൂപയിലാണ് ഓഹരിയുള്ളത്; എൻ.എസ്.ഇയിൽ 7.77 ശതമാനം താഴ്‌ന്ന് 875.25 രൂപ.

5-ാമത്തെ വമ്പൻ കമ്പനി

വിപണിമൂല്യത്തിൽ ഇന്ത്യയിലെ അഞ്ചാമത്തെ വലിയ ലിസ്‌റ്റഡ് കമ്പനിയെന്ന പട്ടം ഓഹരിവിപണിയിലെ ആദ്യദിനത്തിൽ എൽ.ഐ.സി ചൂടി. ലിസ്‌റ്റഡ് ഇൻഷ്വറൻസ് കമ്പനികളിൽ ഒന്നാംസ്ഥാനവും എൽ.ഐ.സിക്കാണ്. ഏറ്റവും വലിയ ലിസ്‌റ്റഡ് കമ്പനികളും മൂല്യവും: (തുക ലക്ഷം കോടിയിൽ)

1. റിലയൻസ് ഇൻഡസ്ട്രീസ് : ₹17.11

2. ടി.സി.എസ് : ₹12.62

3. എച്ച്.ഡി.എഫ്.സി ബാങ്ക് : ₹7.28

4. ഇൻഫോസിസ് : ₹6.38

5. എൽ.ഐ.സി : ₹5.53

6. എച്ച്.യു.എൽ : ₹5.27

 ഇന്നലെ ഓഹരി വ്യാപാരത്തിൽ എൽ.ഐ.സിയുടെ വിപണിമൂല്യത്തിൽ നിന്ന് 46,647 കോടി രൂപ കൊഴിഞ്ഞു. ഐ.പി.ഒ വേളയിൽ മൂല്യം 6,00,242 കോടി രൂപയായിരുന്നു.

നിക്ഷേപകർക്ക്

ആശങ്കവേണ്ട!

ഓഹരിവിപണിയിലെ ആദ്യദിനത്തിൽ നഷ്‌ടമുണ്ടായെങ്കിലും ദീർഘകാലത്തിൽ എൽ.ഐ.സി ഓഹരിവില മികച്ചനേട്ടം നിക്ഷേപകർക്ക് സമ്മാനിക്കുമെന്നാണ് പൊതുവിലയിരുത്തൽ. വരുംദിനങ്ങളിലും ചാഞ്ചാട്ടം പ്രതീക്ഷിക്കാമെങ്കിലും വില വൈകാതെ ആയിരം രൂപ കടന്നേക്കുമെന്നും വിലയിരുത്തപ്പെടുന്നു.

 ഇന്ത്യയിലെ ഏറ്റവും വലിയ 6 'ഐ.പി.ഒ" കമ്പനികളും ഓഹരിവിപണിയിലെ ആദ്യദിനത്തിൽ കുറിച്ചത് നഷ്‌ടമാണ്.

 എൽ.ഐ.സിക്ക് പുറമേ പേടിഎം., കോൾ ഇന്ത്യ, റിലയൻസ് പവർ, ജനറൽ ഇൻഷ്വറൻസ്, എസ്.ബി.ഐ കാർഡ് എന്നിവയാണവ.

വൻ മുന്നേറ്റവുമായി

സെൻസെക്സ്, നിഫ്‌റ്റി

സെൻസെക്‌സും നിഫ്‌റ്റിയും ഇന്നലെ വ്യാപാരം പൂർത്തിയാക്കിയത് മൂന്നുമാസത്തിനിടെയിലെ ഏറ്റവും മികച്ച നേട്ടത്തോടെ. സെൻസെക്‌സ് 1344 പോയിന്റുയർന്ന് 54,318ലും നിഫ്‌റ്റി 417 പോയിന്റ് നേട്ടവുമായി 16,259ലുമാണുള്ളത്.

എൽ.ഐ.സിയും ഓഹരിവിപണിയിൽ എത്തിയതോടെ ഒട്ടുമിക്ക സെക്‌ടറിലും ദൃശ്യമായ മികച്ച വാങ്ങൽട്രെൻഡാണ് നേട്ടത്തിന് മുഖ്യകാരണം.

₹12 ലക്ഷംകോടി

സെൻസെക്‌സിന്റെ മൂല്യം ഇന്നലെ 12.05 ലക്ഷംകോടി രൂപ ഉയർന്ന് 255.55 ലക്ഷം കോടി രൂപയിലെത്തി.

രൂപയെ രക്ഷിച്ച് റിസർവ് ബാങ്ക്

ഡോളറിനെതിരെ രൂപ ഇന്നലെ ഒരുവേള വ്യാപാരത്തിനിടെ എക്കാലത്തെയും താഴ്‌ചയായ 77.80ലേക്ക് കൂപ്പുകുത്തി. കരുതൽ ശേഖരത്തിൽ നിന്ന് റിസർവ് ബാങ്ക് വൻതോതിൽ ഡോളർ വിറ്റഴിച്ച് 'രക്ഷാപ്രവർത്തനം" നടത്തിയതോടെ വ്യാപാരാന്ത്യം മൂല്യം ഏഴുപൈസ ഉയർന്ന് 77.47ലെത്തി.

Advertisement
Advertisement