ബാങ്കിംഗ് ലൈസൻസ്: ആറ് സ്ഥാപനങ്ങളുടെ അപേക്ഷ തള്ളി

Wednesday 18 May 2022 3:18 AM IST

 അപേക്ഷ നിരസിക്കപ്പെട്ടവരിൽ യു.എ.ഇ എക്‌സ്‌ചേഞ്ചും കാലിക്കറ്റ് സിറ്റി സഹകരണ ബാങ്കും

മുംബയ്: ബാങ്കിംഗ് ലൈസൻസിനായി പുതുതായി ലഭിച്ച പതിനൊന്ന് അപേക്ഷകളിൽ ആറ് സ്ഥാപനങ്ങളുടെ അപേക്ഷ കൃത്യമായ യോഗ്യതയില്ലാത്തതിനാൽ നിരസിച്ചുവെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. യൂണിവേഴ്‌സൽ ബാങ്ക് (സമ്പൂർണ വാണിജ്യബാങ്ക്), സ്മാൾ ഫിനാൻസ് ബാങ്ക് എന്നിവയ്ക്കായാണ് 'ഓൺ ടാപ്പ്" വ്യവസ്ഥയിൽ 11 അപേക്ഷകൾ ലഭിച്ചത്. പ്രത്യേക ക്ഷണമില്ലാതെ എപ്പോൾ വേണമെങ്കിലും ലൈസൻസിനായി അപേക്ഷിക്കാമെന്നതാണ് ഓൺ ടാപ്പ് വ്യവസ്ഥ.

വാണിജ്യബാങ്ക് ലൈസൻസിനായുള്ള യു.എ.ഇ എക്‌സ്‌ചേഞ്ച് ആൻഡ് ഫിനാൻഷ്യൽ സർവീസസ്, റെപ്‌കോ ബാങ്ക്, ചൈതന്യ ഇന്ത്യ ഫിൻ ക്രെഡിറ്റ്, ശ്രീപങ്കജ് വൈശ് എന്നിവരുടെ അപേക്ഷയാണ് തള്ളിയത്. ഫ്ളിപ്കാർട്ട് സ്ഥാപകൻ സച്ചിൻ ബൻസാൽ പ്രമോട്ടറായ സ്ഥാപനമാണ് ചൈതന്യ ഇന്ത്യ ഫിൻ ക്രെഡിറ്റ്.

സ്മാൾ ഫിനാൻസ് ബാങ്ക് ലൈസൻസിനായുള്ള കാലിക്കറ്റ് സിറ്റി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, വിസോഫ്‌റ്റ് ടെക്‌നോളീസ് എന്നിവയുടെ അപേക്ഷകളും തള്ളി. മറ്റ് അഞ്ച് സ്ഥാപനങ്ങളുടെ അപേക്ഷകളിൽ സൂക്ഷ്മപരിശോധന തുടരുകയാണെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി.

Advertisement
Advertisement