സർക്കാർ ആശുപത്രികളിൽ കാൻസർ പരിശോധനാ ക്ലിനിക്കുകൾ: മുഖ്യമന്ത്രി

Wednesday 18 May 2022 12:00 AM IST

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ ആഴ്‌ചയിൽ ഒരു ദിവസം കാൻസർ പ്രാരംഭ പരിശോധനാ ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവകേരളം കർമ്മപദ്ധതി രണ്ടിന്റെ ഭാഗമായ ആർദ്രം മിഷന്റെ രണ്ടാം ഘട്ട പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വൺ ഹെൽത്ത്,വാർഷിക ആരോഗ്യ പരിശോധനാ പദ്ധതി,കാൻസർ നിയന്ത്രണ പദ്ധതി എന്നിവയുടെ ഉദ്ഘാടനമാണ് ഓൺലൈനായി നിർവഹിച്ചത്. കാൻസർ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കാൻസർ പ്രാരംഭ ദിശയിൽ കണ്ടെത്തുന്നതിനുള്ള സൗകര്യങ്ങൾ സർക്കാർ ആശുപത്രികളിൽ ഒരുക്കും. കാൻസർ സെന്ററുകളെയും മെഡിക്കൽ കോളേജുകളെയും ജില്ലാ,ജനറൽ താലൂക്ക് ആശുപത്രികളെയും ഉൾപ്പെടുത്തി കാൻസർ കെയർ ഗ്രിഡ് രൂപീകരിക്കും. കാൻസർ ബോധവത്കരണ പരിപാടികളും ഗൃഹസന്ദർശനങ്ങളും വിവരശേഖരണവും ഉണ്ടാകും. ആദ്യ ഘട്ടത്തിൽ നിയോജക മണ്ഡലത്തിലെ ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ഘട്ടംഘട്ടമായി എല്ലാ പഞ്ചായത്തുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്‌ടർ ഡോ.രത്തൻ ഖേൽക്കർ,ഇ ഹെൽത്ത് പ്രോജക്‌ട് ഡയറക്‌ടർ കെ.മുഹമ്മദ് വൈ. സഫറുള്ള തുടങ്ങിയവർ പങ്കെടുത്തു.