കടിഞ്ഞാണില്ലാതെ വിലക്കയറ്റം: മൊത്തവില സൂചിക 17 വർഷത്തെ ഉയരത്തിൽ

Wednesday 18 May 2022 12:06 AM IST

കൊച്ചി: രാജ്യത്ത് അവശ്യവസ്തുക്കളുടെ വില കടിഞ്ഞാണില്ലാതെ കുതിച്ചുയരുന്നതോടെ കഴിഞ്ഞമാസം മൊത്തവില (ഹോൾസെയിൽ) സൂചിക അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം 17 വർഷത്തെ ഉയരമായ 15.08 ശതമാനത്തിലെത്തി. തുടർച്ചയായ 13-ാം മാസമാണ് മൊത്തവില നാണയപ്പെരുപ്പം 10 ശതമാനത്തിനുമേൽ തുടരുന്നത്. മാർച്ചിൽ 14.55 ശതമാനമായിരുന്നു. 2021 ഏപ്രിലിൽ 10.74ഉം. പെട്രോളിയം ഉത്പന്നങ്ങൾ, പ്രകൃതിവാതകം, കെമിക്കലുകൾ, ഭക്ഷ്യോത്‌പന്നങ്ങൾ എന്നിവയുടെ വിലക്കയറ്റമാണ് പ്രതിസന്ധിക്ക് കാരണമെന്ന് കേന്ദ്ര വ്യവസായ, ആഭ്യന്തര വ്യാപാര വികസന വകുപ്പിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഭക്ഷ്യോത്പന്ന വില മാർച്ചിലെ 8.06 ശതമാനത്തിൽ നിന്ന് 8.35 ശതമാനത്തിലേക്ക് ഉയർന്നു. ഇന്ധന, ഊർജവിലകൾ 34.52ൽ നിന്ന് 38.66 ശതമാനത്തിലെത്തി. നിർമ്മിത ഉത്‌പന്നവിലകൾ 10.71ൽ നിന്ന് 10.85 ശതമാനത്തിലേക്കും. ഗോതമ്പ്, പച്ചക്കറികൾ, ഉരുളക്കിഴങ്ങ് തുടങ്ങിയവയുടെ വൻ വിലവർദ്ധനയാണ് ഭക്ഷ്യവിലപ്പെരുപ്പം കൂടാനിടയാക്കിയത്.

ആശങ്കപ്പെരുപ്പം

റിസർവ് ബാങ്ക് മുഖ്യ പലിശനിരക്ക് പരിഷ്‌കരിക്കാൻ പ്രധാനമായും പരിഗണിക്കുന്ന റീട്ടെയിൽ നാണയപ്പെരുപ്പം ഏപ്രിലിൽ എട്ടുവർഷത്തെ ഉയരമായ 7.8 ശതമാനത്തിൽ എത്തിയിരുന്നു. ഇതോടെ, ഈ മാസമാദ്യം അപ്രതീക്ഷിതമായി റിപ്പോനിരക്ക് ഒറ്റയടിക്ക് 0.40 ശതമാനം കൂട്ടി. ഇതിന്റെ ചുവടുപിടിച്ച് വാണിജ്യബാങ്കുകൾ വായ്‌പാ പലിശനിരക്കും വർദ്ധിപ്പിച്ചിരുന്നു. വരുംമാസങ്ങളിലും വിലക്കയറ്റം രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ. അതിനാൽ അടുത്ത ധനനയ നിർണയ യോഗത്തിലും പലിശ നിരക്ക് കൂട്ടാൻ റിസർവ് ബാങ്ക് തുനിഞ്ഞേക്കും. വായ്‌പകളുടെ ഇ.എം.ഐ ബാദ്ധ്യത കൂടാൻ ഇതിടയാക്കും.

കുതിപ്പിന്റെ പാത

മൊത്തവില നാണയപ്പെരുപ്പം കഴിഞ്ഞമാസങ്ങളിൽ:

 ജനുവരി: 12.96%

 ഫെബ്രുവരി : 13.11%

 മാർച്ച് : 14.55%

 ഏപ്രിൽ: 15.08%

Advertisement
Advertisement