ഔഷധസുരക്ഷ ; ജനത്തിന്റെ ജീവൻ പന്താടരുത്

Wednesday 18 May 2022 12:17 AM IST

സംസ്ഥാനത്തെ ഔഷധസുരക്ഷയുമായി ബന്ധപ്പെട്ട് മേയ് ഒൻപതിന് കേരളകൗമുദി പ്രസിദ്ധീകരിച്ച മുഖ്യവാർത്ത വായിച്ചു. കർത്തവ്യത്തിൽ വീഴ്ചവരുത്തി മരുന്ന് സുരക്ഷ ഉറപ്പാക്കേണ്ട വിഭാഗം ജനത്തിന്റെ ജീവനാണ് പന്താടുന്നത്. കേരളത്തിൽ വലിയൊരു ശതമാനം ജനങ്ങൾ നിത്യവും മരുന്നുകൾ ഉപയോഗിക്കുന്നവരാണ്. അവരോട് ചെയ്യുന്ന വഞ്ചനയാണിത്.

മായം കലർന്നതും നിലവാരമില്ലാത്തതുമായ മരുന്നുകൾ ഉപയോഗിക്കേണ്ടി വരുന്ന ജനത്തിന് നേരിടുന്ന ഗുരുതരമായ ഭവിഷ്യത്തിന് ആര് ഉത്തരം പറയും ?

മരുന്ന് സുരക്ഷയുമായി ബന്ധപ്പെട്ട് അത്യന്തം ഗൗരവകരമായ ഈ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ അധികൃതർ ശ്രദ്ധിക്കണം.

വിശ്വനാഥൻ നായർ

മല്ലപ്പള്ളി

ശുചീകരണം ആരുടെ

ഉത്തരവാദിത്തം?

ഓരോ മഴക്കാലത്തും പകർച്ചവ്യാധികളെ പേടിച്ച് ജനത്തിന്റെ ഉറക്കം നഷ്‌ടപ്പെടുന്നു. മഴക്കാലം തുടങ്ങും വളരെ മുൻപ് തന്നെ മഴക്കാല പൂർവശുചീകരണത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന അധികൃതർ ഇക്കാര്യത്തിൽ കാണിക്കുന്ന അലംഭാവത്തെക്കുറിച്ച് സ്വയം വിലയിരുത്തണം. ഡെങ്കിപ്പനി പോലുള്ള പകർച്ചവ്യാധികൾ ഒഴിവാക്കണമെങ്കിൽ കൊതുക് മുട്ടയിടാനുള്ള എല്ലാ സാഹചര്യവും ഒഴിവാക്കണം.

മഴക്കാല പൂർവ ശുചീകരണത്തിൽ നമുക്കൊന്നും ചെയ്യാനില്ലെന്ന ജനത്തിന്റെ മനോഭാവമാണ് ആദ്യം മാറേണ്ടത്. സ്വന്തം വീടും പരിസരവും വൃത്തിയാക്കേണ്ടത് നമ്മുടെ ബാദ്ധ്യതയാണ്.

പൗർണമി ഗോപൻ

ഇരിങ്ങാലക്കുട

നീന്തൽപഠനം
അനിവാര്യം

ഓരോ അവധിക്കാലവും നിരവധി കുട്ടികളുടെയും യുവാക്കളുടെയും മുങ്ങിമരണ വാർത്തകളുമായാണ് അവസാനിക്കുന്നത്. സ്കൂൾ പഠനത്തോടൊപ്പം നിർബന്ധമായും നീന്തൽ പഠിപ്പിക്കേണ്ടതിന്റെ ആവശ്യം വിദഗ്ദ്ധർ ഉപദേശിക്കാറുണ്ട്. എന്നാൽ ഇതൊന്നും അധികാരികൾ നടപ്പിലാക്കുന്നില്ല. ദുരന്തമുണ്ടാകുമ്പോൾ ചർച്ച ചെയ്‌ത് പിന്നീട് പുസ്തകം മടക്കിവയ്‌ക്കുന്ന രീതിയാണ് കണ്ടുവരുന്നത്.

നീന്തലിൽ പ്രാവീണ്യമുള്ളവരായാലും ചില മരണക്കയങ്ങളിൽ അകപ്പെട്ടാൽ കരകയറാൻ കഴിയില്ല. അപകടകരമായ കുത്തൊഴുക്ക്, അകപ്പെടുന്ന ആൾ അടിത്തട്ടിൽ കുടുങ്ങിപ്പോകുന്ന തരത്തിൽ മാലിന്യങ്ങൾ, ചെളി, എന്നിവയൊക്കെ മുങ്ങിമരണങ്ങൾക്ക് കാരണമാകുന്നു. നദികൾ വൃത്തിയാക്കുന്ന കാര്യത്തിൽ അധികൃതരുടെ അലംഭാവമാണ് ഇതിന് കാരണം.

അപകടക്കടവുകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്ന രീതി പഴങ്കഥയായിക്കഴിഞ്ഞു. പല സ്ഥലങ്ങളിലും പ്രളയത്തിൽ ഒഴുക്കെടുത്ത ബോർഡുകൾക്ക് പകരം സ്ഥാപിച്ചിട്ടില്ലെന്ന ആക്ഷേപമുണ്ട്.

ഗായത്രി .ജെ.

കോഴഞ്ചേരി

Advertisement
Advertisement