കാഴ്ചയിലും സൗകര്യങ്ങളിലും എയർപോർട്ട് പോലെ, 290 കോടി ചെലവാക്കി കൊല്ലത്തിന് കേന്ദ്രത്തിന്റെ സമ്മാനം 

Wednesday 18 May 2022 10:31 AM IST

കൊല്ലം: വാണീജ്യ സമുച്ചയവും റെയിൽവേ പരിശീലന ഇൻസ്റ്റിറ്റിയൂട്ടും ഉൾപ്പെടെ കൊല്ലം റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയരുന്നു. പദ്ധതി നടപ്പാക്കാൻ കരാർ ക്ഷണിച്ചു. എല്ലാ പ്ലാറ്റ്‌ഫോമുകളിലേക്കും ഇറങ്ങാൻ ലിഫ്ട്, എസ്‌കലേറ്റർ, പ്ലാറ്റ് ഫോമിന് മുകളിൽ വിശാലമായ ഹാൾ, അകത്തേക്ക് കയറാനും പുറത്തേക്ക് ഇറങ്ങാനും പ്രത്യേക വഴികൾ തുടങ്ങിയ വികസന പദ്ധതികളാണ് നടപ്പാക്കുക.

പുതിയ കെട്ടിടം ഉയരുന്നതോടെ റെയിൽവേ ഓഫീസുകൾ ഒരു കെട്ടിടത്തിലേക്ക് മാറും. രാജ്യത്ത് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനായി തിരഞ്ഞെടുത്ത 21 സ്റ്റേഷനുകളിലൊന്നാണ് കൊല്ലം.

പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ നിർമ്മാണ പ്രവർത്തനങ്ങൾ റെയിൽവേ നിർമ്മാണ വിഭാഗം നേരിട്ടാണ് നടത്തുന്നത്. റെയിൽവേ ലാൻഡ് ഡെവലപ്പ്‌മെന്റ് അതോറിട്ടിയിൽ നിന്ന് പ്രവൃത്തികൾ നിർമ്മാണ വിഭാഗം തിരികെ ഏറ്റെടുത്താണ് കരാർ ക്ഷണിച്ചത്.

വികസന പദ്ധതി ഇങ്ങനെ

വിപുലമായ ഓഫീസ് സംവിധാനം
ആധുനിക ബുക്കിംഗ്, റിസർവേഷൻ, ഇൻഫർമേഷൻ, എൻക്വയറി സെന്ററുകൾ
യാത്രക്കാർക്ക് വിശ്രമിക്കാനും വാഹന പാർക്കിംഗിനും കൂടുതൽ സൗകര്യം
പാഴ്സൽ ഓഫീസ് കോംപ്ലക്സ്
പ്രധാന കവാടത്തിൽ ആർച്ച്, ചുറ്റുമതിൽ നിർമ്മാണം
അപ്രോച്ച് റോഡുകളുടെ നവീകരണം
എൽ.ഇ.ഡി ബോർഡുകൾ
എല്ലാ പ്ലാറ്റ് ഫോമിലും കോച്ച് പൊസിഷൻ ബോർഡുകൾ

കൂടുതൽ റസ്റ്റോറന്റുകൾ
ടോയ്‌ലെറ്റ് കോംപ്ലക്സ്
എ.ടി.എം സെന്ററുകൾ
ടിക്കറ്റ് പരിശോധകർക്കായി വിശ്രമമുറികൾ


പദ്ധതി ചെലവ് 290 കോടി

നിർമ്മാണ പ്രവർത്തനങ്ങൾ നേരിട്ട് നടത്തണമെന്ന് റെയിൽവേയോട് ആവശ്യപ്പെട്ടിരുന്നു. 25ന് ചെന്നൈയിൽ ചേരുന്ന ദക്ഷിണ റയിൽവേ ജനറൽ മാനേജരുടെ ഉന്നതതല യോഗത്തിൽ നിർമ്മാണം വേഗത്തിൽ ആരംഭിക്കാൻ ആവശ്യപ്പെടും.

എൻ.കെ. പ്രേമചന്ദ്രൻ എം.പി

ജോലികൾ കരാർ നൽകുന്നതിന്റ ഭാഗമായി റെയിൽവേ തിരുവനന്തപുരം ഡിവിഷൻ കൊമേഴ്ഷ്യൽ വിഭാഗം നവീകരണ രൂപരേഖ തയ്യാറാക്കി സമർപ്പിച്ചു.

റെയിൽവേ അധികൃതർ

Advertisement
Advertisement