ഭാരതി എയർടെല്ലിന്റെ തലപ്പത്ത് ഗോപാൽ വിട്ടൽ തുടരും

Thursday 19 May 2022 12:42 AM IST

മുംബയ്: രാജ്യത്തെ ടെലികോം രംഗത്തെ പ്രമുഖരായ ഭാരതി എയർടെല്ലിന്റെ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായി ഗോപാൽ വിട്ടൽ തുടരും. അടുത്ത അഞ്ച് വർഷത്തേക്ക്, അതായത് 2028 ജനുവരി 31 വരെയാണ് അദ്ദേഹത്തിന് വീണ്ടും നിയമനം നൽകിയത്. അതേസമയം,​ മാർച്ചിൽ അവസാനിച്ച പാദത്തിൽ ഭാരതി എയർടെല്ലിന്റെ അറ്റാദായം 164ശതമാനം ഉയർന്ന് 2,008 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ എയർടെല്ലിന്റെ അറ്റാദായം 759 കോടി രൂപയായിരുന്നു. കമ്പനിയുടെ മാർച്ച് പാദത്തിലെ വരുമാനം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഓഹരി വിപണിയിൽ ഭാരതി എയർടെല്ലിന്റെ ഓഹരി വില രണ്ടു ശതമാനം ഉയർന്നു. എയർടെല്ലിന്റെ ഏകീകൃത വരുമാനം ജനുവരി-മാർച്ച് കാലയളവിൽ 22ശതമാനം വർദ്ധിച്ച് 31,500 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 25,747 കോടി രൂപയായിരുന്നു.
Advertisement
Advertisement