ആവേശക്കൊടുമുടിയിൽ പ്രചാരണം

Thursday 19 May 2022 12:47 AM IST

കൊച്ചി: തിരഞ്ഞെടുപ്പ് ചൂട് ആവേശ കൊടുമുടിയിൽ എത്തുമ്പോൾ മണ്ഡലം പിടിക്കാനുള്ള സൂത്രങ്ങൾ മെനയുകയാണ് മുന്നണികൾ. മൂന്ന് മുന്നണികളും ശക്തമായ സാന്നിദ്ധ്യം മണ്ഡ‌ലത്തിൽ ഉറപ്പിച്ചു കഴിഞ്ഞു. നേതാക്കളെ അണിനിരത്തിയാണ് മുന്നണികളുടെ പോരാട്ടം.

എ.എൻ.ആറിനൊപ്പം

കുമ്മനം

കോരിച്ചൊരിയുന്ന മഴയത്തും ആവേശം ചോരാതെയാണ് രാവിലെ പാലച്ചുവട് മേഖലയിലെ പ്രവർത്തകർ കുമ്മനം രാജശേഖരനേയും സ്ഥാനാർത്ഥിയെയും സ്വീകരിച്ചത്. പ്രദേശത്തെ വോട്ടർമാരെയും വ്യാപാരികളേയും ഇരുവരും ചേർന്ന് സന്ദർശിച്ചു. പ്രചാരണത്തിനിടെ ഉപതെരഞ്ഞെടുപ്പ് ഫലം വന്നതോടെ പ്രവർത്തകർ ആവേശത്തിലായി. എ.എൻ. രാധാകൃഷ്ണൻ കുമ്മനം രാജശേഖരന് മധുരം നൽകി വിജയം ആഘോഷിച്ചു. ഈ വിജയം എൽ.ഡി.എഫ് യു.ഡി.എഫ് ഒത്തുകളിക്കുള്ള ശിക്ഷയാണെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു.

 നൂറിന്റെ

പുറത്തേറി ഡോക്ടർ

തിരഞ്ഞെടുപ്പ് പ്രചാരണം ആവേശത്തിലാക്കാൻ നൂറിന്റെ പുറത്തേറി എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ്. കാക്കനാട് കുന്നേപ്പറമ്പിൽ വച്ചാണ് പ്രചാരണ വാഹനം മാറ്റി നൂറെന്ന പേരുള്ള കുതിരയുടെ പുറത്ത് ഡോക്ടർ കയറിയത്. തുടർന്ന് മില്ലുംപടി റോഡിലെ പര്യടനത്തിൽ കുടുംബ ശ്രീയുടെ 25ാം വാർഷികാഘോഷത്തിൽ പങ്കെടുത്ത് ഡോ.ജോ ജോസഫും എ.എൻ. ഷംസീർ എം.എൽ.എയും കുടുംബ ശ്രീ പ്രവർത്തകരോടൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചു. ബുധനാഴ്ച രാവിലെ ജഡ്ജിമുക്കിൽ നിന്നും ആരംഭിച്ച പര്യടനം ജോബ് മൈക്കിൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഉച്ച വരെയുളള പര്യടനത്തിന് ശേഷം ഐ.ടി. പ്രൊഫഷണലുകളുമായി ഇൻഫോപാർക്കിലെത്തി സംവദിച്ചു. തന്റെ വികസന ആശയങ്ങൾ പങ്കുവെച്ച ഡോ. ജോ ജോസഫ് ഐ.ടി. പ്രൊഫഷണലുകളുടെ ചോദ്യങ്ങൾക്കും ആശങ്കകൾക്കും മറുപടി നൽകി.

കോളനികൾ

സന്ദർശിച്ച് ഉമ

മണ്ഡലത്തിലെ പ്രധാന കോളനികളിൽ എത്തി വോട്ടർമാരെ സന്ദർശിച്ചായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസിന്റെ പര്യടനം. ശാന്തിപുരം കോളനി, ലേബർ കോളനി എന്നിവിടങ്ങളിലായിരുന്നു സന്ദർശനം. പ്രചാരണത്തിനിടെ ശശി തരൂർ എം.പിയും എത്തി.

സെന്റ് തോമസ് മൗണ്ടിലെത്തി കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ കണ്ട് അനുഗ്രഹം തേടി. കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി, ബെന്നി ബഹനാൻ എം.പി, റോജി എം. ജോൺ എം.എൽ.എ, കെ.സി. ജോസഫ് എന്നിവർ ഒപ്പമുണ്ടായിരുന്നു.

Advertisement
Advertisement