കുമാരനാശാൻ അടിച്ചമർത്തപ്പെട്ടവരുടെ പോരാട്ടനായകൻ: വെള്ളാപ്പള്ളി നടേശൻ

Thursday 19 May 2022 12:00 AM IST
കേരളകൗമുദിയും കൊല്ലം എസ്.എൻ വനിതാ കോളേജിലെ എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി​ സംഘടിപ്പിച്ച കുമാരനാശാന്റെ 150-ാം ജന്മവാർഷികാഘോഷം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്നു. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ, ചലച്ചിത്ര സംവിധായകൻ ഡോ. ബിജു, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനും നടനുമായ പ്രേംകുമാർ, എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി. സുന്ദരൻ, യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ. രാജേന്ദ്രൻ, എസ്.എൻ വനിതാ കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. സുനിൽകുമാർ എന്നിവർ സമീപം

കൊല്ലം: മഹാകവി എന്നതിനൊപ്പം, അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളുടെ പോരാട്ട നായകനായിരുന്നു കുമാരനാശാനെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കേരളകൗമുദിയും എസ്.എൻ വനിതാ കോളേജിലെ എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി​ സംഘടിപ്പിച്ച, കുമാരനാശാന്റെ 150-ാം ജന്മവാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശ്രീമൂലം പ്രജാസഭയിൽ കുമാരനാശാൻ നടത്തിയ പ്രസംഗങ്ങൾ പിന്നാക്കക്കാർക്ക് നീതി ലഭ്യമാക്കാനുള്ള ഗർജ്ജനങ്ങളായിരുന്നു. മാറ്റുവിൻ ചടങ്ങളെ എന്ന് ആഹ്വാനം ചെയ്ത അദ്ദേഹം ചാതുർവർണ്യത്തിന്റെ കാട്ടുനീതികളെ അട്ടിമറിക്കുകയായിരുന്നു. പക്ഷേ, സ്വന്തം സമുദായത്തിലെ ഒരു വിഭാഗം അദ്ദേഹത്തിന് വേദന സമ്മാനിച്ചു. ആർ. ശങ്കർ അടക്കമുള്ള മഹാരഥന്മാർക്കും സമാന അനുഭവമുണ്ടായി. ഈഴവ സമുദായത്തിന്റെ മുന്നേറ്റത്തിന് തടസം സൃഷ്ടിക്കുന്നത് സമുദായത്തിൽപ്പെട്ടവർ തന്നെയാണ്. ഇവർ എസ്.എൻ ട്രസ്റ്റിനും യോഗത്തിനും എതിരെ കേസ് കൊടുത്ത് സമുദായത്തിന്റെ വളർച്ചയെ തടസപ്പെടുത്തുകയാണ്. ഇവരുടെ പ്രവർത്തനം പരിശോധിച്ചാൽ സമുദായത്തിനും സമൂഹത്തിനും വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് വ്യക്തമാകും. ഇവർ ചരിത്രത്തിലെ അപഹാസ്യകഥാപാത്രങ്ങളാകും. ഒരു കർമ്മവും ചെയ്യാതെ ചിലരുടെ സാമ്പത്തിക സഹായം പറ്റി യോഗത്തെ തകർക്കാൻ ശ്രമിക്കുകയാണ്. ഇവർക്ക് ജനങ്ങളുടെ കോടതികളിലേക്ക് വരാനുള്ള ധൈര്യമില്ല. പൂർവി​കർ ത്യാഗപൂർണമായ സമരങ്ങളിലൂടെ നേടിയെടുത്ത സംവരണം പോലും അട്ടിമറിക്കുന്ന സാഹചര്യത്തിൽ ആശാൻ മുന്നോട്ടുവച്ച സന്ദേശങ്ങൾ ഹൃദയത്തിലേറ്റി ഒറ്റക്കെട്ടായി പോരാടണമെന്നും അദ്ദേഹം പറഞ്ഞു.

വിവിധ രംഗങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ചവർക്ക് കേരളകൗമുദിയുടെ ഉപഹാരം വെള്ളാപ്പള്ളി നടേശൻ സമ്മാനിച്ചു. കേരളകൗമുദി റസിഡന്റ് എഡിറ്ററും യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര സംവിധായകൻ ഡോ. ബിജു മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാനും നടനുമായ പ്രേംകുമാർ മുഖ്യാതിഥിയായിരുന്നു. എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി. സുന്ദരൻ, യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ. രാജേന്ദ്രൻ, കൊല്ലം എസ്.എൻ വനിതാ കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. സുനിൽകുമാർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡി. ദേവിപ്രിയ എന്നിവർ സംസാരിച്ചു. കേരളകൗമുദി കൊല്ലം ബ്യൂറോ ചീഫ് ബി. ഉണ്ണിക്കണ്ണൻ സ്വാഗതവും പ്രത്യേക ലേഖകൻ സാം ചെമ്പകത്തിൽ നന്ദിയും പറഞ്ഞു.

Advertisement
Advertisement