തൃക്കാക്കരയിൽ ഇരുമുന്നണികൾക്കും കാലിടറുന്നു: കെ. സുരേന്ദ്രൻ

Thursday 19 May 2022 12:28 AM IST

കൊച്ചി: മതന്യൂനപക്ഷങ്ങൾക്കിടയിൽ ബി.ജെ.പിക്ക് സ്വീകാര്യത വർദ്ധിക്കുന്നുവെന്ന് തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൻ.ഡി.എ നേടിയ വൻവിജയം തെളിയിക്കുന്നതായി ബി.ജെ. പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കൊച്ചി കോർപ്പറേഷനിലെയും തൃപ്പൂണിത്തുറ നഗരസഭയിലെ സി.പി.എമ്മിന്റെ രണ്ട് സിറ്റിംഗ് സീറ്റുകളിലെയും ബി.ജെ.പിയുടെ വിജയം ഉപതിരഞ്ഞെടുപ്പ് ഫലം എന്തായിരിക്കുമെന്നതിന്റെ സൂചനയാണ്. തൃക്കാക്കരയിൽ ഇരുമുന്നണികൾക്കും കാലിടറുകയാണെന്ന് തദ്ദേശ ഉപതിരഞ്ഞെടുപ്പ് വ്യക്തമാക്കുന്നു. കെ- റെയിൽ വരില്ല. ജനങ്ങൾക്ക് ആവശ്യമില്ലാത്ത പദ്ധതിയായതുകൊണ്ടാണ് 31 വരെ കുറ്റിയടി നിർത്തിവയ്ക്കാൻ സർക്കാർ തീരുമാനിച്ചത്. രണ്ട് മുന്നണികളും ഇപ്പോൾ സാബു ജേക്കബ്ബിനെ വാനോളം പുകഴ്ത്തി അദ്ദേഹത്തിന്റെ പിന്നാലെ കൂടിയിരിക്കുകയാണ്. എന്നാൽ തിരഞ്ഞെടുപ്പ് വന്നതോടെ രണ്ട് മുന്നണികളും നിലപാടിൽ നിന്നും മാറി. പിണറായി വിജയനും പൊലിസും കിറ്റക്‌സിനെ ആട്ടിയോടിച്ചപ്പോൾ ബി.ജെ.പി ഭരിക്കുന്ന യു.പി, മദ്ധ്യപ്രദേശ്, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളാണ് സാബുവിനെ സ്വാഗതം ചെയ്തത്. ട്വന്റി20 യുടെ പ്രവർത്തകനെ കിഴക്കമ്പലത്ത് സി.പി. എമ്മുകാർ കൊല ചെയ്തപ്പോൾ താൻ ഉൾപ്പെടെയുള്ള ബി.ജെ. പി നേതാക്കൾ മാത്രമാണ് അദ്ദേഹത്തിന്റെ വീട് സന്ദർശിച്ചത്. വാർത്താസമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.കെ.എസ്. രാധാകൃഷ്ണൻ, സംസ്ഥാന വക്താക്കളായ കെ.വി.എസ് ഹരിദാസ്, ടി.പി. സിന്ധുമോൾ എന്നിവരും പങ്കെടുത്തു.

Advertisement
Advertisement