ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ ചുമതലയേറ്റു

Thursday 19 May 2022 12:00 AM IST
കേരള ഹൈക്കോടതി ജഡ്ജിയായി ചുമതലയേൽക്കുന്ന ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ സത്യവാചകം ചൊല്ലിക്കൊടുക്കുന്നു. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് അലക്‌സാണ്ടൻ തോമസ്, ജസ്റ്റിസ് പി. സോമരാജൻ തുടങ്ങിയവർ സമീപം

 പിതാവാണ് തന്റെ ചാലക ശക്തിയെന്ന് ജസ്റ്റിസ്

കൊച്ചി: കേരള ഹൈക്കോടതിയിലെ ഏഴാമത്തെ വനിതാ ജഡ്‌ജിയായി ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ ചുമതലയേറ്റു. ഇന്നലെ രാവിലെ ഹൈക്കോടതിയിലെ ഒന്നാം കോടതിയിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ സത്യവാചകം ചൊല്ലിക്കൊടുത്തു. പിതാവും മുൻ എം.എൽ.എയുമായ അന്തരിച്ച ഈപ്പൻ വർഗീസാണ് തന്റെ ചാലക ശക്തിയെന്നും തന്റെ ഈ നേട്ടത്തിൽ അദ്ദേഹം സ്വർഗത്തിലിരുന്ന് സന്തോഷിക്കുന്നുണ്ടാകുമെന്നും ചുമതലയേറ്റശേഷം നടത്തിയ പ്രസംഗത്തിൽ ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ പറഞ്ഞു.

എറണാകുളം ഗവ. ലാ കോളേജിലെ 1991 ബാച്ചിൽ നിന്ന് ജസ്റ്റിസ് അനു ശിവരാമനു പിന്നാലെ ഹൈക്കോടതി ജഡ്‌ജിയാകുന്ന രണ്ടാമത്തെ വ്യക്തിയാണ് ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ. ജസ്റ്റിസ് വിജു എബ്രഹാമിനു പുറമേ 2011-2016 കാലത്തെ സീനിയർ ഗവ. പ്ളീഡർമാരിൽ നിന്ന് ജഡ്ജിയാകുന്ന രണ്ടാമത്തെയാളുമാണ്.

അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്‌ണക്കുറുപ്പ്, കേരള ഹൈക്കോർട്ട് അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. രാജേഷ് വിജയൻ എന്നിവർ ആശംസയർപ്പിച്ചു. ഹൈക്കോടതി ജഡ്‌ജിമാരടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു.

Advertisement
Advertisement