കെടുകാര്യസ്ഥത കാരണം സർക്കാരിനുണ്ടാകുന്ന നഷ്‌ടം ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കും,​ കെഎസ്‌ഇബി സേവനാവകാശ നിയമത്തിന് കീഴിൽ; ഭരണപരിഷ്‌കരണ കമ്മിഷൻ ശുപാർശയ്‌ക്ക് അംഗീകാരം

Wednesday 18 May 2022 11:49 PM IST

തിരുവനന്തപുരം: നാലാം ഭരണപരിഷ്‌കരണ കമ്മിഷന്റെ ഒൻപതാം റിപ്പോർട്ട് ശുപാർശകൾ മന്ത്രിസഭ അംഗീകരിച്ചു. ഇതനുസരിച്ച് വിവിധ സ്ഥാപനങ്ങളിലെ ഓഡി‌റ്റ് വിവരങ്ങൾ ഇനിമുതൽ വെബ്‌സൈറ്റിൽ പ്രദർശിപ്പിക്കണം. സോഷ്യൽ ഓ‌‌ഡിറ്റ് പ്രോത്സാഹിപ്പിക്കും.

കെടുകാര്യസ്ഥത കാരണം സർക്കാരിനുണ്ടാകുന്ന നഷ്‌ടം അതാത് ഉദ്യോഗസ്ഥരിൽ നിന്ന് തന്നെ ഈടാക്കും. സ്ഥാപനത്തിന് ഓഡിറ്റ് വേണ്ടതിനെക്കുറിച്ച് ബോധവൽക്കരിക്കുകയും ഓഡിറ്റർമാർക്ക് മതിയായ പരിശീലനം നൽകുകയും ചെയ്യും. എന്നാൽ മതിയായ കാരണമില്ലാതെ ഒരുവർഷം സ്ഥാപനത്തിൽ ഒന്നിലധികം ഓഡി‌റ്റ് പാടില്ല.സമഗ്രമായ ഓഡി‌റ്റ് പ്ളാൻ ആവശ്യമാണ്.സേവനപുസ്‌തകത്തിൽ ഓ‌ഡി‌റ്റ് ബാദ്ധ്യതകളെഴുതണം.


അഴിമതി നിരോധന നിയമപ്രകാരമുള‌ളവ നടപടിയ്‌ക്ക് വിജിലൻസിന് കൈമാറും. സർക്കാർ മേഖല പരിശീലന പരിപാടിയിൽ പരാതി പരിഹരണ സംവിധാനത്തെക്കുറിച്ച് മൊഡ്യൂൾ ഉൾപ്പെടുത്തും. ദുർബല വിഭാഗങ്ങൾക്കിടയിൽ പരാതിപരിഹരണത്തെ കുറിച്ച് അവബോധമുണ്ടാക്കും. പരാതികൾ പരിഹരിക്കുന്നതിനും നിരസിക്കുന്നതിനും സമയപരിധി നിശ്ചയിക്കും. പരാതിപരിഹരിക്കുന്നതിന് കാലതാമസം വരുത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും.

ജനങ്ങളുടെ പരാതി പരിഹരിക്കാൻ അഭിരുചിയും യോഗ്യതയും പ്രതിബദ്ധതയുമുള‌ള ജീവനക്കാരെ നിയമിക്കും.ഇങ്ങനെയുള‌ള പരാതി പരിഹരണ സംവിധാനത്തിൽ മൂന്നിലൊന്ന് ആളെങ്കിലും സ്ഥിരം ജീവനക്കാരാകും. എജിയുടെ ടെ‌ക്‌നിക്കൽ ഗൈഡൻസ് സൂപ്പർവിഷന് കീഴിൽ എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഓഡിറ്റിന് വിധേയമാകണം. നിയമസഭാ കമ്മിറ്റികൾ ഓ‌ഡി‌റ്റ് റിപ്പോ‌ർട്ടിലെ എല്ലാ ഖണ്ഡികയും അതാത് വ‌ർഷം തീർപ്പാക്കണം.

കെഎസ്ഇബിയുടെ എല്ലാ സേവനങ്ങളും സേവനാവകാശ നിയമത്തിന്റെ കീഴിൽ വരും. ഇലക്‌ട്രിസിറ്റി ഓംബുഡ്‌സ്‌മാന് നേരിട്ട് പരാതികൾ സ്വീകരിക്കാൻ അധികാരമുണ്ടാകും.

Advertisement
Advertisement