പുലിയന്നൂരിലെ ജാനകി വധക്കേസിൽ ഇന്ന് വിധി

Thursday 19 May 2022 12:07 AM IST
കൊല്ലപ്പെട്ട ജാനകിയും പ്രതികളും

കാസർകോട്: റിട്ട. അദ്ധ്യാപിക ചീമേനി പുലിയന്നൂരിലെ ജാനകിയെ(65) കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം സ്വർണാഭരണങ്ങൾ കവർന്ന കേസിൽ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. പുലിയന്നൂരിലെ മക്ലിക്കോട് അള്ളറാട് വീട്ടിൽ അരുണി എന്ന അരുൺകുമാർ(29), പുലിയന്നൂർ ചീർക്കുളം സ്വദേശികളായ പുതിയവീട്ടിൽ വിശാഖ് (32), ചെറുവാങ്ങക്കോട്ടെ റിനീഷ് (28) എന്നിവരാണ് പ്രതികൾ. ഇവർ ഇപ്പോഴും ജയിലിൽ കഴിയുകയാണ്.

2017 ഡിസംബർ 13 ന് രാത്രി വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന ജാനകിയെ മുഖംമൂടി ധരിച്ചെത്തിയ പ്രതികൾ കഴുത്തറുത്ത് കൊലപ്പെടുത്തുകയും 17 പവൻ സ്വർണവും 92,000 രൂപയും കൊള്ളയടിക്കുകയും ചെയ്‌തെന്നാണ് കേസ്. ജാനകിയുടെ നിലവിളി കേട്ട് ഞെട്ടിയുണർന്ന ഭർത്താവ് കെ. കൃഷ്ണനെ സംഘം കഠാര കൊണ്ട് കുത്തിവീഴ്ത്തിയാണ് രക്ഷപ്പെട്ടത്. മംഗളൂരു ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ കൃഷ്ണൻ നൽകിയ മൊഴിയിൽ നിന്ന് ലഭിച്ച സൂചനകൾക്ക് പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ ശാസ്ത്രീയവും സമഗ്രവുമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ അറസ്റ്റുചെയ്തത്.

കവർച്ച ചെയ്ത സ്വർണം ഉരുക്കിയ നിലയിൽ കണ്ണൂർ, മംഗളൂരു എന്നിവിടങ്ങളിൽ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. ജാനകി വധക്കേസിലെ ഒന്നാംപ്രതിയായ വിശാഖിന്റെ വീട്ടിൽ നിന്ന് സ്വർണം വിൽപ്പന നടത്തിയതിന്റെ ബില്ലും കസ്റ്റഡിയിലെടുത്തു. സംഭവത്തിന് മുമ്പും ശേഷവും പ്രതികൾ നടത്തിയ ഫോൺവിളികളുടെ രേഖകളും പൊലീസ് ശേഖരിച്ചിരുന്നു. മൊബൈൽ ടവർ ലൊക്കേഷനും കേസ് തെളിയിക്കാൻ സഹായകമായി. കൃഷ്ണന്റെ കൈ കെട്ടിയിട്ട ട്രാക്ക് സ്യൂട്ടിൽ നിന്ന് ലഭിച്ച ഡി.എൻ.എ സാമ്പിൾ മൂന്നാംപ്രതി അരുൺകുമാറിന്റേതായിരുന്നു. ജാനകിയുടെ വായിൽ ഒട്ടിച്ച മാസ്‌കിംഗ് ടാപ്പും മുഖംമൂടിയും നീലേശ്വരത്തെ ഒരു കടയിൽ നിന്ന് വാങ്ങിയതാണെന്നും കണ്ടെത്തി. കൊലപാതക സമയത്ത് മൂന്നുപ്രതികളും ധരിച്ച മുഖംമൂടികളും പിന്നീട് കണ്ടെത്തിയിരുന്നു.

560 സാക്ഷികൾ, 350 തൊണ്ടിമുതലുകൾ

അന്നത്തെ നീലേശ്വരം സി.ഐ വി. ഉണ്ണികൃഷ്ണനാണ് കേസിൽ അന്വേഷണം പൂർത്തിയാക്കി 2400 പേജുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. കുറ്റപത്രത്തിൽ അറുപതിനായിരം ഫോൺകോൾ വിവരങ്ങളും പൊലീസ് ഉദ്യോഗസ്ഥരുൾപ്പെടെ 560 സാക്ഷികളുമുണ്ട്. 17 പവൻ സ്വർണാഭരണങ്ങളും രേഖകളും ഉൾപ്പെടെ 350 തൊണ്ടിമുതലുകളും ഹാജരാക്കി. കേസിന്റെ വിചാരണ 2019 ഡിസംബറിൽ പൂർത്തിയായിരുന്നു. അഞ്ച് ജഡ്ജിമാർ ഇതിനിടയിൽ മാറിമാറിവന്നതും കൊവിഡ് സാഹചര്യവും മൂലം അന്തിമവാദം വൈകിയതാണ് വിധി നീണ്ടുപോയത്.

കൊല്ലപ്പെട്ട ജാനകിയും പ്രതികളും

Advertisement
Advertisement