19-ാം ഓവർ മെയ്ഡനാക്കി ഭുവി

Thursday 19 May 2022 12:06 AM IST

മുംബയ് : മുംബയ് ഇന്ത്യൻസിനെതിരായ ഐ.പി.പൽ മത്സരത്തിലെ 19-ാം ഓവർ മെയ്ഡനാക്കി സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ പേസർ ഭുവനേശ്വർ കുമാർ ആരാധകരെ വിസ്മയിപ്പിച്ചു.

ഓവറിൽ റൺസ് വഴങ്ങാതെ ഒരു വിക്കറ്റും താരം വീഴ്ത്തി.

അവസാന രണ്ടോവറിൽ മുംബയ്ക്ക് വിജയിക്കാൻ 19 റൺസ് വേണ്ടിയിരുന്നു. എന്നാൽ 19-ാം ഓവർ ചെയ്ത ഭുവനേശ്വർ സഞ്ജയ് യാദവിനെ പുറത്താക്കിയ ശേഷം ജസ്പ്രീത് ബുംറയെ കാഴ്ചക്കാരനാക്കി ഓവർ എറിഞ്ഞുതീർത്തു. വെറും മൂന്ന് റൺസിനാണ് സൺറൈസേഴ്‌സ് വിജയം നേടിയത്. ഭുവനേശ്വറിന്റെ ഓവറില്ലായിരുന്നെങ്കിൽ ഒരുപക്ഷേ മുംബയ് വിജയം നേടിയേനേ. ഈ സീസണിൽ സണ്‍റൈസേഴ്‌സിനുവേണ്ടി തകർപ്പൻ പ്രകടനമാണ് ഭുവനേശ്വർ കാഴ്ചവെയ്ക്കുന്നത്. 13 മത്സരങ്ങളിൽ നിന്ന് 12 വിക്കറ്റുകൾ വീഴ്ത്തി. റൺസ് വിട്ടുകൊടുക്കുന്നതിൽ ഭുവി പിശുക്കുകാണിച്ചു.

ഈ വിജയത്തോടെ സൺറൈസേഴ്‌സ് പ്ലേ ഓഫിൽ കയറാനുള്ള സാധ്യതകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. ഒരു മത്സരം മാത്രമാണ് ഇനി എല്ലാ ടീമുകൾക്കും ശേഷിക്കുന്നത്. മുംബയ് നേരത്തേ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു.

Advertisement
Advertisement