പുനലൂർ- കൊല്ലം മെമു ജൂൺ ആദ്യം

Thursday 19 May 2022 4:36 AM IST

 വൈദ്യുതീകരണം പൂർത്തിയായില്ലെങ്കിലും സർവീസ് നടത്തും

കൊല്ലം: കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് നിറുത്തിവച്ച പുനലൂർ- കൊല്ലം പാസഞ്ചർ ട്രെയി​ൻ മെമു സർവീസായി ജൂൺ ആദ്യവാരം ഓടിത്തുടങ്ങും. ഈ പാതയിൽ ഓടുന്ന ആദ്യ മെമു സർവീസാണി​ത്.

മേയ് 31നുള്ളിൽ വൈദ്യുതീകരണ ജോലികൾ പൂർത്തി​യാക്കാനുള്ള ശ്രമത്തിലാണ് റെയിൽവേ. പൂർത്തിയായില്ലെങ്കിലും സാധാരണ വണ്ടിയായി സർവീസ് നടത്തുമെന്ന് റെയിൽവേ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡ് കാലത്ത് നിലച്ച കോട്ടയം-കൊല്ലം, കൊല്ലം-കോട്ടയം പാസഞ്ചറുകളും മെമു സർവീസും ഇതോടൊപ്പം ആരംഭിക്കും. മെമു സർവീസുകൾ ആരംഭിക്കുന്ന തീയതി നിശ്ചയിച്ചിട്ടില്ലെങ്കിലും വിശദമായ സമയക്രമവും സ്റ്റോപ്പുകളും ദക്ഷിണ റെയിൽവേ പ്രസിദ്ധീകരിച്ചു. മലയോര മേഖലയിലെ സർക്കാർ ജീവനക്കാരും വിദ്യാർത്ഥികളും അടക്കം സ്ഥിരം യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെട്ടിരുന്ന സർവീസുകളാണിത്.

രാവിലെ പുനലൂർ റൂട്ടിലും കൊല്ലത്തിനും യാത്ര ചെയ്തിരുന്നവർക്ക് പാസഞ്ചർ സർവീസ് പുനരാരംഭിക്കാതിരുന്നത് ഏറെ പ്രയാസം സ്യഷ്ടിച്ചിരുന്നു. എറണാകുളത്തു നിന്നു വേളാങ്കണ്ണിയിലേക്കുള്ള സ്പെഷ്യൽ ട്രെയി​ൻ ജൂണിൽ കോട്ടയം-കൊല്ലം-ചെങ്കോട്ട വഴി സർവീസ് ആരംഭിക്കുന്നതിന് നടപടി ആരംഭിച്ചിട്ടുണ്ട്.

.................................

# മെമു സമയക്രമം (കൊല്ലം- പുനലൂർ)

 കൊല്ലം രാവിലെ 6.15, കിളികൊല്ലൂർ 6.24, ചന്ദനത്തോപ്പ് 6.28, കുണ്ടറ 6.36, കുണ്ടറ ഈസ്റ്റ് 6.42. എഴുകോൺ 6.49, കൊട്ടാരക്കര 6.59, കുരി 7.09, ആവണീശ്വരം 7.15,പുനലൂർ 7.40.

 കൊല്ലം- പുനലൂർ: പുനലൂർ രാവിലെ 8.15, ആവണീശ്വരം 8.25, കുരി 8.33, കൊട്ടാരക്കര 8.39, എഴുകോൺ 8.48, കുണ്ടറ ഈസ്റ്റ് 8.55, കുണ്ടറ 9.01, ചന്ദനത്തോപ്പ് 9.11, കിളികൊല്ലൂർ 9.16, കൊല്ലം 9.40.

..................................

വൈകിട്ട് 5.30 ന് കൊല്ലത്ത് നിന്നു പുനലൂരിലേക്ക് ഉണ്ടായിരുന്ന ട്രെയി​ൻ സർവീസ് പുനരാരംഭിക്കാൻ നടപടി ആയിട്ടില്ല. രാവിലത്തെ സർവീസ് മാത്രമാണ് മെമു ആയി പുനരാരംഭിക്കുന്നത്. കൊല്ലം - പുനലൂർ പാതയിലെ സ്ഥിരം യാത്രക്കാരുടെ ദുരിതം പൂർണമായും മാറണമെങ്കിൽ വൈകിട്ട് ഉണ്ടായിരുന്ന സർവീസ് കൂടി അടിയന്തരമായി പുനരാരംഭിക്കണം.

ദിപു പുനലൂർ, സെക്രട്ടറി, കൊല്ലം - ചെങ്കോട്ട റെയിൽവെ പാസഞ്ചർ അസോസിയേഷൻ

Advertisement
Advertisement