ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശം: ദു​ര​ന്ത​ സാ​ദ്ധ്യ​താ​ ​പ്രദേശങ്ങ​ളിലെ ജനങ്ങളുടെ പ​ട്ടി​ക​ ​ത​യ്യാ​റാ​ക്ക​ണം

Thursday 19 May 2022 4:39 AM IST

തിരുവനന്തപുരം: ഞായർ വരെ കനത്ത മഴ ഉണ്ടാകുമെന്നും 27 മുതൽ കാലവർഷം എത്തുമെന്നുമുള്ള മുന്നറിയിപ്പിനെ തുടർന്ന് ദുരന്ത സാദ്ധ്യത കൂടിയ സ്ഥലങ്ങളിൽ താമസിക്കുന്നവരുടെ പട്ടിക തദ്ദേശസ്ഥാപന അടിസ്ഥാനത്തിൽ തയ്യാറാക്കി മുന്നൊരുക്കം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ദുരന്തമുണ്ടായാൽ ആളുകളെ കുടിയൊഴിപ്പിച്ച് ക്യാമ്പുകളിലേക്ക് മാറ്റാനുള്ള പ്ളാൻ തയ്യാറാക്കാനും ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശം നൽകി. മഴക്കാലപൂർവ മുന്നൊരുക്കങ്ങൾ വിലയിരുത്താനുള്ള യോഗവും ചേർന്നു.

മഴ ശക്തമായ സാഹചര്യത്തിൽ മുന്നൊരുക്ക പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ കാര്യക്ഷമമായി പൂർത്തീകരിക്കണം. ഈ മാസം 22 മുതൽ 29 വരെ മഴക്കാലപൂർവ ശുചീകരണ യജ്ഞം നടത്തും. എല്ലാ ജില്ലകളിലും ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തിൽ മഴക്കാല മുന്നൊരുക്ക യോഗം ചേരണം. പുഴകളിൽ ഒഴുക്ക് സുഗമമാക്കുന്നതിനുവേണ്ട നടപടികൾ ജലസേചന വകുപ്പ് പൂർത്തിയാക്കിയെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റികൾ പരിശോധിച്ച് ഉറപ്പു വരുത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.