മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമർശം; കെ സുധാകരനെതിരെ കേസെടുത്തു

Thursday 19 May 2022 7:51 AM IST

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിവാദ പരാമർശത്തിൽ കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരനെതിരെ കേസെടുത്തു. ഐ പി സി 153 വകുപ്പ് പ്രകാരം വിദ്വേഷ പ്രസംഗത്തിനാണ് പാലാരിവട്ടം പൊലീസ് കേസെടുത്തത്. ഡി വൈ എഫ് ഐ പ്രാദേശിക നേതാവിന്റെ പരാതിയിലാണ് നടപടി.

പരാതി നല്‍കിയ ഡി വൈ എഫ് ഐ നേതാവിന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്. ഒരു നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന് ചങ്ങലപൊട്ടിച്ചുവന്ന നായയെപ്പോലെ മുഖ്യമന്ത്രി പിണറായി വിജയൻ ഇറങ്ങിനടക്കുകയാണെന്നായിരുന്നു കെ സുധാകരന്റെ വിവാദ പരാമർശം.


പരാമർശം വിവാദമായതിന് പിന്നാലെ പിണറായി വിജയനെ താൻ പട്ടിയെന്ന് വിളിച്ചിട്ടില്ലെന്നും അത് മലബാറിലെ സാധാരണ പ്രയോഗം മാത്രമാണെന്നും കെ സുധാകരൻ പ്രതികരിച്ചിരുന്നു. പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്ക് ബുദ്ധിമുട്ട് തോന്നിയെങ്കില്‍ പിന്‍വലിക്കുന്നുവെന്നും അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു.