ഗൂഗിള്‍ മാപ്പ് ചതിച്ചു, കോട്ടയത്ത് കുട്ടികളടക്കം സഞ്ചരിച്ചിരുന്ന കാർ തോട്ടിലേക്ക് വീണു; ഡ്രെെവർ വാഹനമോടിച്ചിരുന്നത് റോഡിൽ നോക്കാതെ ആപ്പിൽ നോക്കി

Thursday 19 May 2022 10:47 AM IST

കോട്ടയം: ഗൂഗിൾ മാപ്പിനെ ആശ്രയിച്ച് വാഹനമോടിച്ച സംഘം അപകടത്തിൽപ്പെട്ടു. റോഡ് ശ്രദ്ധിക്കാതെ എത്തിയ ഇവരുടെ കാർ തോട്ടിലേക്ക് വീഴുകയായിരുന്നു. നാട്ടുകാരുടെ അവസരോചിതമായ ഇടപെടലാണ് വലിയൊരു ദുരന്തത്തിൽ നിന്ന് ടൂറിസ്റ്റ് സംഘത്തെ രക്ഷിച്ചത്.

കുറുപ്പന്തറ കടവിലാണ് അപകടമുണ്ടായത്. ബുധനാഴ്‌ച ഉച്ചയോടെയാണ് കര്‍ണാടക സ്വദേശികളായ ടൂറിസ്റ്റ് സംഘം സ‌ഞ്ചരിച്ചിരുന്ന കാർ തോട്ടിലേക്ക് വീണത്. മൂന്നാറില്‍നിന്ന് ആലപ്പുഴയിലേക്ക് പോകവെയാണ് അപകടമുണ്ടായത്.

യാത്ര തുടങ്ങിയത് മുതൽക്കെ ഗൂഗിൾ മാപ്പ് നോക്കിയാണ് തങ്ങൾ സഞ്ചരിച്ചതെന്ന് കുടുംബം പറഞ്ഞു. കടവിന്റെ അടുത്ത് എത്തിയപ്പോൾ മുന്നോട്ട് പോകണം എന്നാണ് ഗൂഗിൾ മാപ്പിലൂടെ ലഭിച്ച നിർദേശം. ഇതോടെ ഇവിടെയുണ്ടായിരുന്ന വളവ് ശ്രദ്ധിക്കാതെ ഡ്രൈവര്‍ മുന്നോട്ട് പോയി.

അപകടസാദ്ധ്യത കണ്ട പരിസരവാസികൾ ഇവർക്ക് മുന്നറിയിപ്പ് നൽകാൻ ശ്രമിച്ചപ്പോഴേക്ക് അപകടം നടന്നിരുന്നു. ശക്തമായ മഴയുള്ള സമയമായതിനാൽ തോട് നിറഞ്ഞിരുന്നു. ഓടിയെത്തിയ നാട്ടുകാർ കാറിലുണ്ടായിരുന്ന കുട്ടികൾ ഉൾപ്പടെയുള്ള കുടുംബാംഗങ്ങളെ രക്ഷപ്പെടുത്തി.

കാറിനെ കരയ്ക്കു കയറ്റാന്‍ ശ്രമിച്ചെങ്കിലും വിജയിക്കാതിരുന്നതോടെ പിന്നീട് ലോറി ഉപയോഗിച്ച് കെട്ടിവലിച്ചാണ് കരയ്‌ക്കെത്തിച്ചത്. കാറിന് കൂടുതൽ തകരാറുകളില്ലാതിരുന്നതിനാൽ ഇതേ കാറിൽ തന്നെ യാത്ര തുടരാൻ കുടുംബത്തിനായി. ഈ ഭാഗത്ത് അപകടങ്ങള്‍ നടക്കുന്നത് പതിവ് കാഴ്‌ചയാണ്. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ താത്കാലികമായി ഇവിടേക്കുള്ള വഴി ചങ്ങലയിട്ട് അടച്ചിട്ടുണ്ട്.