ഞാൻ അമ്മയോട് പറയാറുണ്ട് വണ്ണം കുറയ്‌ക്കാൻ,​ അപ്പോൾ ഞാനും താനേ മെലിയുമെന്ന്; രസകരമായ അനുഭവം പങ്കിട്ട് ഇന്ദ്രജിത്ത്

Thursday 19 May 2022 5:10 PM IST

വ്യത്യസ്തങ്ങളായ വേഷങ്ങൾ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ഇന്ദ്രജിത്ത്. നിരവധി സംവിധായകർക്കൊപ്പം വർക്ക് ചെയ്തിട്ടുണ്ടെങ്കിലും ഇനി വർക്ക് ചെയ്യാൻ ആഗ്രഹിക്കുന്നത് സത്യൻ അന്തിക്കാടിനൊപ്പമാണെന്ന് അദ്ദേഹം പറയുന്നു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ നിന്ന്.

' ഒരുവിധം എല്ലാ ഡയറക്ടേഴ്സിന്റെ കൂടെയും വർക്ക് ചെയ്തിട്ടുണ്ട്. പക്ഷേ സത്യേട്ടനൊപ്പം ഇതുവരെയും വർക്ക് ചെയ്തിട്ടില്ല. ഒന്നു രണ്ടു വട്ടം അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട് എനിക്ക് ഒരു പടം ചെയ്യാൻ ആഗ്രഹമുണ്ടെന്ന്. ഫീൽ ഗുഡ് മൂവിയാണല്ലോ അദ്ദേഹത്തിന്റേത്.

അതൊരു രസമാണ്. ഇതുവരെ അത് സംഭവിച്ചിട്ടില്ല. സംഭവിക്കട്ടെ. പൊതുവേ സംവിധായകരോടൊന്നും എനിക്ക് വേണ്ടി ഒരു പ്രോജക്ട് ചെയ്യണമെന്ന് സംസാരിച്ചിട്ടില്ലെങ്കിലും കൂടെ വർക്ക് ചെയ്യാൻ താത്പര്യമുണ്ടെന്ന് പറഞ്ഞിട്ടുണ്ട്.

കാരക്ടർ ഡിമാൻഡ് ചെയ്താൽ രൂപത്തിൽ മാറ്റം വരുത്താൻ തയ്യാറായിട്ടുള്ള ആളാണ്. ആടുജീവിതത്തിൽ പൃഥ്വി ചെയ്തതു പോലെയുള്ള വേഷങ്ങൾ വന്നാൽ ചെയ്യും. എനിക്ക് അമ്മയുടെ ശരീര പ്രകൃതിയാണ്. അമ്മയോട് ഞാൻ പറയാറുണ്ട് അമ്മ ആദ്യം വണ്ണം കുറയ്‌ക്ക്,​അപ്പോൾ ഞാൻ കുറഞ്ഞോളുമെന്ന്. അച്ഛന്റെ രീതിയാണ് പൃഥ്വിക്ക് കിട്ടിയത്. വലിയ വണ്ണം വയ്‌ക്കില്ല.

സ്ക്രിപ്ട് വായിക്കുന്ന കാര്യത്തിൽ സ്കാനിംഗ് മെഷീൻ ആണെന്നാ സുരാജ് പറയുന്നത്. പൃഥ്വിയും അങ്ങനെയാണ്. രണ്ട് തവണ വായിക്കുമ്പോൾ തന്നെ മനസിൽ അത് പതിയും. ദൈവം തന്നെ അനുഗ്രഹമായിട്ടാണ് കാണുന്നത്."