കർഷകർക്ക് വേണ്ടി ആശയങ്ങളുണ്ടോ? ഹാക്കത്തോണിൽ നേടാം അരലക്ഷം
തിരുവനന്തപുരം: കാർഷികമേഖലയിലെ പ്രശ്‌നങ്ങൾക്ക് അനുയോജ്യമായ സാങ്കേതികപരിഹാരം തേടി കേരള സ്റ്റാർട്ടപ്പ് മിഷനും (കെ.എസ്.യു.എം) കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രവും (സി.പി.സി.ആർ.ഐ) സംയുക്തമായി ഹാക്കത്തോൺ നടത്തും. ജൂൺ 9 മുതൽ 13 വരെ കാസർകോട് സംഘടിപ്പിക്കുന്ന റൂറൽ ഇന്ത്യ ബിസിനസ് സമ്മേളനത്തിന്റെ ഭാഗമായാണിത്. സാങ്കേതികമേഖലയിലെ വിദ്യാർത്ഥികൾക്കും ഗവേഷകർക്കും സ്റ്റാർട്ടപ്പുകൾക്കും പ്രൊഫഷണലുകൾക്കും ഹാക്കത്തോണിൽ പങ്കെടുക്കാം. മികച്ച പരിഹാരം നിർദേശിക്കുകയും പ്രോട്ടോടൈപ്പ് വികസിപ്പിക്കുകയും ചെയ്യുന്ന ജേതാവിന് 50,000 രൂപ സമ്മാനം ലഭിക്കും. കൂടാതെ 12 ലക്ഷം രൂപവരെ ലഭിക്കുന്ന കെ.എസ്. യു. എം ഇന്നൊവേഷൻ ഗ്രാന്റിനായി നേരിട്ട് അഭിമുഖത്തിൽ പങ്കെടുക്കാനും കഴിയും. താൽപര്യമുള്ളവർ https://startupmission.in/rural_business_conclave/ എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. അവസാന തീയതി മേയ് 26. ഫോൺ: 9847344692, 7736495689.