ബോക്സിംഗിനിടെ ഹൃദയാഘാതം, ജർമൻ താരം റിംഗിൽ വച്ച് മരണത്തിന് കീഴടങ്ങി, വിടപറഞ്ഞത് ഇന്നേവരെ ഒരു മത്സരം പോലും തോറ്റിട്ടില്ലാത്ത ബോക്സർ

Thursday 19 May 2022 9:22 PM IST

മ്യൂണിക്ക്: പ്രൊഫഷണൽ മത്സരങ്ങളിൽ ഇതുവരെ ആർക്കുമുന്നിലും കീഴടങ്ങിയിട്ടില്ലാത്ത ജർമ്മൻ ബോക്‌സർ മൂസ യമകിനെ റിംഗിൽവച്ച് മരണം കീഴടക്കി. മ്യൂണിക്കിൽ നടന്ന മത്സരത്തിൽ ഉഗാണ്ടയുടെ ഹംസ വാൻഡേറയെ നേരിടുമ്പോൾ മൂസ ഹൃദയാഘാതത്തെത്തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ പ്രാഥമിക ശുശ്രൂഷകൾ നൽകിയെങ്കിലും 38കാരനായ മൂസയുടെ ജീവൻ രക്ഷിക്കാനായില്ല. .

യൂറോപ്യൻ ചാമ്പ്യൻഷിപ്പും ഏഷ്യൻ ചാമ്പ്യൻഷിപ്പും നേടിയ മൂസ വാൻഡഡേറയ്‌ക്കെതിരായ മത്സരത്തിന്റെ മൂന്നാം റൗണ്ടിലാണ് കുഴഞ്ഞുവീണത്. രണ്ടാം റൗണ്ടിൽ വാൻഡഡേറയിൽ നിന്ന് കനത്ത ആക്രമണം നേരിടേണ്ടി വന്നിരുന്നു.

പ്രഫഷണൽ ബോക്‌സിംഗിൽ പങ്കെടുത്ത എട്ട് മത്സരങ്ങളിലും വിജയം നേടിയ താരമാണ് മൂസ യമക്. ഈ എട്ട് വിജയങ്ങളും നോക്കൗട്ടിലൂടെയാണ് അദ്ദേഹം സ്വന്തമാക്കിയത്. തുർക്കിയിൽ ജനിച്ച മൂസ 2017-ലാണ് പ്രഫഷണൽ രംഗത്തേക്ക് വരുന്നത്. പിന്നീട് ജർമനിയിലേക്ക് താമസം മാറുകയായിരുന്നു. 2021-ൽ നടന്ന ഡബ്ല്യു.ബി ഫെഡ് അന്താരാഷ്ട്ര കിരീടം നേടിയതോടെയാണ് ലോകപ്രശസ്തനായത്.

Advertisement
Advertisement