ജി.എസ്.ടിയിന്മേൽ സുപ്രീംകോടതി വിധി കേന്ദ്രം അപ്പീൽ നൽകണമെന്ന് സ്വർണ വ്യാപാരികൾ

Friday 20 May 2022 3:34 AM IST

കൊച്ചി: ജി.എസ്.ടി നിയമനിർമ്മാണത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് തുല്യ അവകാശമാണുള്ളതെന്ന സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രം അപ്പീൽ നൽകണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) ആവശ്യപ്പെട്ടു.

'ഒരു രാജ്യം, ഒരു നികുതി" എന്ന അന്തഃസത്തയ്ക്ക് എതിരാണ് ഈ വിധി. പാർലമെന്റ് പാസാക്കിയ ജി.എസ്.ടി നിയമം എല്ലാ നിയമസഭകളും പാസാക്കിയിട്ടുണ്ട്. ജി.എസ്.ടിയുടെ ചട്ടക്കൂടിന് വിരുദ്ധമായി നിലവിലെ ഏകീകൃതനികുതി വർദ്ധിപ്പിക്കാൻ ഏതെങ്കിലും സംസ്ഥാനസർക്കാർ തീരുമാനിച്ചാൽ അത് ഉപഭോക്താക്കൾ തമ്മിലെ വേർതിരിവിന് കാരണമാകും.

ജി.എസ്.ടി നടപ്പാകുംമുമ്പ് സ്വർണത്തിന് മറ്റ് സംസ്ഥാനങ്ങളിൽ ഒരു ശതമാനവും കേരളത്തിൽ അഞ്ചു ശതമാനവുമായിരുന്നു നികുതി. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ സ്വർണത്തിന്റെ നികുതി കൂട്ടാൻ സാദ്ധ്യതയുണ്ട്. ജി.എസ്.ടി നിയമത്തിൽ നിലവിലുള്ള ന്യൂനതകൾ പരിഹരിക്കണം. സംസ്ഥാനങ്ങൾ പുതിയ നിയമങ്ങൾ കൊണ്ടുവന്നാൽ വ്യാപാരമേഖല വീണ്ടും കലുഷിതമാകുമെന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.ബി.ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ കൊടുവള്ളി, ട്രഷറർ അഡ്വ.എസ്.അബ്ദുൽനാസർ എന്നിവർ പറഞ്ഞു.

Advertisement
Advertisement