കൊവിഡിന് പിന്നാലെ പാത ഇരട്ടിപ്പിക്കലും: 22 ട്രെയിനുകൾ നിലച്ചു; പകരം സംവിധാനമില്ല
തിരുവനന്തപുരം: കൊവിഡിൽ നിലച്ച പാസഞ്ചർ മെമു സർവീസുകൾ പുനഃരാരംഭിക്കാത്തതിന് പിന്നാലെ, കോട്ടയത്തെ പാത ഇരട്ടിപ്പിക്കലിനായുള്ള ഗതാഗത നിയന്ത്രണത്തിൽ 22 ട്രെയിനുകൾ പൂർണമായും രണ്ടെണ്ണം ഭാഗികമായും റദ്ദാക്കി. 30 ട്രെയിനുകൾ ആലപ്പുഴയിലൂടെ തിരിച്ചുവിട്ടു. കൂടുതൽ യാത്രക്കാരുള്ള റൂട്ടാണ് എറണാകുളം - കോട്ടയം - കായംകുളം. ബദൽ സംവിധാനം ഒരുക്കാതെയാണ് വേണാടും പരശുറാമും ഉൾപ്പെടെയുള്ള തിരക്കേറിയ ട്രെയിനുകൾ ഈമാസം 31 വരെ റദ്ദാക്കിയത്.
കൊവിഡിൽ നിലച്ച ജനപ്രിയ പാസഞ്ചർ, മെമു ട്രെയിനുകളും ദീർഘദൂര എക്‌സ്‌പ്രസ് ട്രെയിനുകളും ഇതുവരെ ഓടിതുടങ്ങിയിട്ടില്ല. ഇതുകാരണം മറ്റ് ട്രെയിനുകളിൽ വൻ തിരക്കാണ്. അതിനിടെ തിരുവനന്തപുരം - ഷൊർണൂർ വേണാട് എക്സ്‌പ്രസിലെ തിരക്കിനിടെ യുവതിക്ക് ബോധം നഷ്ടപ്പെട്ട സംഭവവുമുണ്ടായി. അതേസമയം പാസഞ്ചർ, മെമു ട്രെയിനുകളിൽ കൊവിഡിൽ ഏർപ്പെടുത്തിയ എക്‌സ്‌പ്രസ് നിരക്ക് തുടരുകയാണ്.
തിരക്കിൽ ബുക്കിംഗ് നിലച്ചു
തിരക്ക് മൂലം ചെന്നൈ, ബാംഗളൂരു, മുംബയ് ബുക്കിംഗ് നിലച്ചമട്ടാണ്. എന്നിട്ടും കോച്ചുകൾ കൂട്ടാനോ, സ്‌പെഷ്യൽ ട്രെയിൻ ഓടിക്കാനോ അധികൃതർ തയ്യാറല്ല. കായംകുളം - എറണാകുളം, ഗുരുവായൂർ - തൃശൂർ, നിലമ്പൂർ - ഷൊർണൂറുൾപ്പെടെ പല സെക്‌ഷനുകളിലും മണിക്കൂറുകളോളം ട്രെയിനില്ല. എം.പിമാരുടെ യോഗങ്ങളിലും ജനപ്രതിനിധികളുടെ നിവേദനങ്ങൾക്കും റെയിൽവേ അർഹിക്കുന്ന പരിഗണന നൽകുന്നില്ലെന്നും പരാതിയുണ്ട്.
കോട്ടയം പാതയിലെ ഒന്നിലധികം മെമു സർവീസുകളും പുനഃരാരംഭിക്കാനുണ്ട്. അതിനിടയിലാണ് പാത ഇരട്ടിപ്പിക്കലിന്റെ പേര് പറഞ്ഞ് ആലപ്പുഴ വഴി സർവീസ് നടത്തുന്ന കായംകുളം - എറണാകുളം പാസഞ്ചറും, ആലപ്പുഴ - എറണാകുളം പാസഞ്ചറും റദ്ദാക്കി.
സംസ്ഥാനത്തെ ട്രെയിൻ കണക്കുകൾ
അനുമതി കാത്തുകിടക്കുന്നത് മുപ്പതിലേറെ പാസഞ്ചർ റേക്കുകൾ
സംസ്ഥാനത്ത് 204 മെയിൽ എക്സ്‌പ്രസുകളും 26 പാസഞ്ചർ സർവീസുകളും
14 എക്സ്‌പ്രസ് ട്രെയിനുകളും 62പാസഞ്ചർ സർവീസുകളും പുനരാരംഭിക്കണം
തിരുവനന്തപുരം ഡിവിഷനിൽ 30 പാസഞ്ചർ, മെമു റേക്കുകൾക്ക് സർവീസ് അനുമതിയില്ല