പരസ്‌പരം പഠിക്കാം സാങ്കേതിക സർവകലാശാല ഫ്രാൻസുമായി കൈകോർക്കുന്നു

Friday 20 May 2022 2:04 AM IST

തിരുവനന്തപുരം: ഗവേഷണ, വിജ്ഞാനമേഖലകളിൽ ഫ്രാൻസിലെ സർവകലാശാലകളുമായി സഹകരിക്കാനും സംയുക്തസംരംഭങ്ങൾ തുടങ്ങാനും സാങ്കേതിക സർവകലാശാല തീരുമാനിച്ചു.വിദേശ സർവകലാശാലകളുമായി സഹകരിച്ചുള്ള ട്വിന്നിംഗ് പ്രോഗ്രാമുകൾ, ഫാക്കൽ​റ്റി എക്‌സ്‌ചേഞ്ച്, സ്​റ്റുഡന്റ് എക്‌സ്‌ചേഞ്ച് എന്നിവയും തുടങ്ങും. ഫ്രഞ്ച് എംബസി ഉദ്യോഗസ്ഥർ സർവകലാശാല ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് ഈ തീരുമാനം. അഫിലിയേ​റ്റഡ് കോളേജുകൾക്കും വിദ്യാർത്ഥികൾക്കും ഫ്രാൻസിലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഗവേഷണ, വിദ്യാഭ്യാസ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനെ കുറിച്ചായിരുന്നു ചർച്ച.

ഫ്രഞ്ച് എംബസിയിലെ സയന്റിഫിക്, അക്കാഡമിക് സഹകരണത്തിനായുള്ള അ​റ്റാഷെ ഫ്രാൻസിസ് സേവ്യർ മോ​റ്റൊയി, ഡെപ്യൂട്ടി അ​റ്റാഷെ ഡോ. അംബിക അനിൽകുമാർ, കാമ്പസ് ഫ്രാൻസ് മാനേജർ ശബരി കിഷോർ, വൈസ് ചാൻസലർ ഡോ. എം.എസ്. രാജശ്രീ, പ്രോ വൈസ് ചാൻസലർ ഡോ. എസ്.അയൂബ്, സിൻഡിക്കേ​റ്റ് അംഗങ്ങളായ ഡോ. ഐ. സാജു, ബി.എസ്. ജമുന, ഡോ. ജി. വേണുഗോപാൽ, രജിസ്ട്രാർ ഡോ എ. പ്രവീൺ, ഡീൻ അക്കാഡമിക് ഡോ. സാദിഖ്, ഡീൻ റിസർച്ച് ഡോ. ഷാലിജ് പി. ആർ എന്നിവർ പങ്കെടുത്തു.