സർക്കാർ സ്കൂളുകളിൽ ആർട്ട് ഗാലറിയും

Friday 20 May 2022 3:31 AM IST

കോഴിക്കോട്: കോഴിക്കോട് കാരപ്പറമ്പ് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ഒരുക്കുന്ന ആർട്ട് ഗാലറിയുടെ നിർമാണോദ്ഘാടനം സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ഓൺലൈനിൽ നിർവഹിച്ചു. കേരള ലളിതകലാ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ തിരഞ്ഞെടുത്ത സർക്കാർ വിദ്യാലയങ്ങളിൽ ആർട്ട് ഗാലറികൾ സജ്ജീകരിക്കാനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായാണിത്. ഇത്തരം ഗാലറികൾ സംസ്ഥാനത്തുടനീളം ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ഇതിനായി 50 ലക്ഷമാണ് ചെലവിടുന്നതെന്നും മന്ത്രി പറഞ്ഞു.

നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.രേഖ അദ്ധ്യക്ഷയായി. ലളിതകലാ അക്കാഡമി ചെയർമാൻ മുരളി ചീരോത്ത്, നഗരസഭാ കൗൺസിലർ ശിവപ്രസാദ്, കാരപ്പറമ്പ് ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ കെ.പി.മനോജ്, ഹെഡ്മിസ്ട്രസ് പി.ഷാദിയബാനു, പി.ടി.എ പ്രസിഡന്റ് നജീബ് മാളിയേക്കൽ, അക്കാഡമി സെക്രട്ടറി എൻ.ബാലമുരളീകൃഷ്ണൻ, അക്കാഡമി അംഗം സുനിൽ അശോകപുരം തുടങ്ങിയവർ പങ്കെടുത്തു.