കർഷകർക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ

Friday 20 May 2022 12:00 AM IST

തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും, സംസ്ഥാന മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പും മൃഗസംരക്ഷണ - ക്ഷീരവികസന മേഖലയിലെ കർഷകർക്ക് പ്രവർത്തനമൂലധനം കുറഞ്ഞ പലിശ നിരക്കിൽ വായ്പയായി ലഭ്യമാക്കുന്ന പദ്ധതി രൂപീകരിക്കാൻ ഒന്നിക്കുന്നു. ഇതിനായി മന്ത്രി ജെ.ചിഞ്ചുറാണി വിളിച്ചുചേർത്ത യോഗത്തിൽ മൃഗസംരക്ഷണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എസ്.ശിവശങ്കർ, എസ്.ബി.ഐ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ സാലി.എസ്, തിരുവനന്തപുരം സർക്കിൾ സി.ജി.എം ശ്രീകാന്ത്, മിൽമ ഫെഡറേഷൻ ചെയർമാൻ കെ.എസ് മണി, എറണാകുളം മേഖലാ ചെയർമാൻ ജോൺ തെരുവത്ത്, തിരുവനന്തപുരം മേഖല അഡ്മിനിസ്‌ട്രേറ്റീവ് ചെയർമാൻ ഭാസുരാംഗൻ തുടങ്ങിയവർ പങ്കെടുത്തു.

ജൂൺ ഒന്നു മുതൽ വായ്പ പദ്ധതിക്ക് തുടക്കമാകും. ക്ഷീരവികസന വകുപ്പിന്റെ കീഴിൽ രജിസ്റ്റർ ചെയ്യുന്ന ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾക്ക് വിവിധ പദ്ധതികൾക്കായി പരിശീലനവും, വായ്പാ സഹായവും നൽകും. നിലവിൽ കിസാൻ ക്രെഡിറ്റ് കാർഡ് അപേക്ഷ നൽകിയിട്ട് വായ്പ ലഭിക്കാത്ത കർഷകർക്ക് ആദ്യഘട്ടത്തിൽ മുൻഗണനാ അടിസ്ഥാനത്തിൽ ലഭ്യമാക്കും. ക്ഷീരകർഷകർക്ക് ഗുണമേന്മ മാനദണ്ഡമാക്കി പാലിന് അധിക വില നൽകുന്നതിനുള്ള പദ്ധതി സർക്കാർ പരിഗണനയിലുണ്ട്.