ദുരിതപ്പെയ്ത്തിൽ വിറച്ച് ജനം

Friday 20 May 2022 12:09 AM IST

കൊല്ലം: ദിവസങ്ങളായി പെയ്യുന്ന തോരാമഴയിൽ ദുസഹമാവുകയാണ് ജനജീവിതം. മലയോര കാർഷിക മേഖലയിൽ മഴ കെടുതികൾ വിതയ്ക്കുമ്പോൾ തീരമേഖലയിൽ മത്സ്യത്തൊഴിലാളികളുടെ ജീവിതവും പരുങ്ങലിലായി.

ഒരാഴ്ചയായി മഴ തുടരുന്നതിനാൽ കല്ലടയാറ്റിലും കൈവഴികളിലും ജലനിരപ്പ് ഉയർന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇത് കാർഷിക വിളകളെയും ബാധിച്ചു. പാടങ്ങളിലെ വാഴ - കപ്പ കൃഷികളാണ് വെള്ളത്തിലായത്. കൊയ്ത്ത് കഴിഞ്ഞതിനാൽ നെൽകൃഷിക്ക് കാര്യമായ നാശം ഉണ്ടായിട്ടില്ല. എന്നാൽ നെല്ല് നനഞ്ഞുകിടക്കുന്നത് പ്രതിസന്ധിയാണ്.

മലയോര മേഖലയിൽ റബർ ടാപ്പിംഗ് മുടങ്ങിയത് കർഷകരെയും തൊഴിലാളികളെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കി. ഒരാഴ്ചയായി ടാപ്പിംഗ് നടക്കുന്നില്ല.

തീരദേശ മേഖലയിൽ കടലാക്രണം രൂക്ഷമാണ്. മുന്നറിയിപ്പുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നില്ല. മണ്ണെണ്ണയുടെ വിലക്കയറ്റവും മത്സ്യക്ഷാമവും പ്രതിസന്ധി സൃഷ്ടിക്കുമ്പോഴാണ് തോരാ മഴ ഇരട്ടി ദുരിതം സമ്മാനിക്കുന്നത്. വരും ദിവങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

കാലവർഷം നേരിടാൻ വിപുലമായ ഒരുക്കങ്ങൾ

1. മഞ്ഞ അലർട്ട് ഇന്നും തുടരും

2. ദുരിതാശ്വാസത്തിനായി 149 ക്യാമ്പുകൾ സജ്ജമാക്കി

3. മോക്ഡ്രിൽ ഉൾപ്പെടെയുള്ള തയ്യാറെടുപ്പുകൾ തുടങ്ങി

4. ക്വാറികളുടെ പ്രവർത്തനം, മണലെടുപ്പ് എന്നിവ നിരോധിച്ചു

5. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ക്ലീനിംഗ് ഡ്രൈവ്

6. പ്രതിരോധ പ്രവർത്തനങ്ങൾക്ക് വകുപ്പുതലത്തിൽ നോഡൽ ഓഫീസർ

7. പള്ളിക്കൽ, ഇത്തിക്കര, കല്ലട ആറുകളിലെ ശുചീകരണം അവസാനഘട്ടത്തിൽ

8. ജില്ലാതല കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു

9. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് സന്നാഹങ്ങൾ ഒരുക്കി

10. തീരദേശ പൊലീസ് പട്രോളിംഗ് ശക്തമാക്കി

11. അഴീക്കൽ, പരവൂർ, താന്നി, പൊഴിക്കര, തെക്കുംഭാഗം മേഖലകളിൽ പ്രത്യേക ശ്രദ്ധ

12. ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ എല്ലാ സ്റ്റേഷനുകളിലും കൺട്രോൾ റൂം

13. അപകട സാദ്ധ്യതയുള്ള മരങ്ങൾ മുറിച്ചുനീക്കി

അപകടങ്ങൾ പ്രതിരോധിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ ജാഗ്രതയോടെയുള്ള തയ്യാറെടുപ്പുകൾ ആവശ്യമാണ്.

കെ.എൻ. ബാലഗോപാൽ, മന്ത്രി

മഴക്കാല - കൊതുകുജന്യ രോഗങ്ങൾ പ്രതിരോധിക്കാനുള്ള സംവിധാനം ആരോഗ്യവകുപ്പ് ഏർപ്പെടുത്തി. മരുന്നുകൾ, ബ്ലീച്ചിംഗ് പൗഡർ, ഒ.ആർ.എസ് എന്നിവ ഉറപ്പാക്കി.

അഫ്സാന പർവീൺ

ജില്ലാ കളക്ടർ

Advertisement
Advertisement