നെടുമ്പന ആയുർവേദ ആശുപത്രി വളപ്പിലെ മരം മുറി വിവാദത്തിൽ

Friday 20 May 2022 12:10 AM IST

കൊല്ലം: നെടുമ്പന ഗവ. ആയുർവേദ ആശുപത്രി വളപ്പിലെ മരങ്ങൾ നെടുമ്പന പഞ്ചായത്ത് അധികൃതർ മുറിച്ച് നീക്കിയത് വിവാദത്തിൽ. പൊതുസ്ഥലത്ത് നിൽക്കുന്ന വൃക്ഷങ്ങൾ മുറിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ പഞ്ചായത്ത് അധികൃതർ പാലിച്ചില്ലെന്ന ആരോപണം ശക്തമായിരിക്കുകയാണ്.

കഴിഞ്ഞമാസം അവസാനമാണ് മഹാഗണി, അക്കേഷ്യ അടക്കമുള്ള 27 മരങ്ങൾ മുറിച്ച് നീക്കിയത്. കാലവർഷത്തിൽ കടപുഴകി കെട്ടിടങ്ങളിലേക്കും വൈദ്യുതി തൂണുകളിലേക്കും വീഴാൻ സാദ്ധ്യതയുള്ള മരങ്ങൾ മുറിക്കാൻ പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. ഇക്കൂട്ടത്തിൽ ആയുർവേദ ആശുപത്രി വളപ്പിലെ മരങ്ങളും ഉൾപ്പെടുത്തി. എന്നാൽ ഭീഷണി ഉയർത്താത്ത മരങ്ങളും മുറിച്ച് കടത്തിയെന്നാണ് ആരോപണം. മരം മുറിക്കാൻ തീരുമാനിച്ച വിവരം ആശുപത്രി സൂപ്രണ്ടിനെ വാക്കാൽ അറിയിച്ചിരുന്നു. പക്ഷെ രേഖാമൂലം അറിയിപ്പ് നൽകിയിരുന്നില്ല. മുറിക്കുന്ന ദിവസം സൂപ്രണ്ട് ആശുപത്രിൽ ഇല്ലായിരുന്നു. പൊതുസ്ഥലത്ത് നിൽക്കുന്ന മരങ്ങൾ മുറിക്കുന്നതിന് വനം വകുപ്പ് ഉദ്യോഗസ്ഥരെ കൊണ്ട് പരിശോധിപ്പിച്ച് തടിയുടെ വില നിശ്ചയിക്കണം. മുറിച്ച ഈ ശേഷം ഈ വില അടിസ്ഥാന തുകയാക്കി ലേലം നടത്തണമെന്നാണ് ചട്ടം.

ആശുപത്രിക്ക് ചുറ്റുമുള്ള പാഴ്മരങ്ങൾ മുറിച്ചുമാറ്റാൻ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയും പഞ്ചായത്ത് ഭരണസമിതിയും തീരുമാനിച്ചിരുന്നതാണ്. വിലപിടിപ്പുള്ള മരങ്ങൾ മുറിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും.

സുധാകരൻ നായർ,

പഞ്ചായത്ത് വൈസ് പ്രസിഡന്റ്, നെടുമ്പന

നിയമവിരുദ്ധമായി മരങ്ങൾ മുറിച്ചുകടത്തിയതിന് പിന്നിൽ ലക്ഷങ്ങളുടെ അഴിമതിയുണ്ട്. ഉത്തരവാദികളായ പഞ്ചായത്ത് അധികൃതർ രാജിവയ്ക്കണം. ഇവർക്കെതിരെ പൊലീസ് മോഷണത്തിനും പൊതുമുതൽ നശിപ്പിച്ചതിനും കേസെടുക്കണം. ശക്തമായ സമരം ആരംഭിക്കും.

ഫൈസൽ കുളപ്പാടം,

തൃക്കോവിൽവട്ടം ബ്ലോക്ക് പഞ്ചായത്ത് അംഗം

Advertisement
Advertisement